ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ ട്രെയിനുകളിൽ കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സുരക്ഷയ്ക്കും അതിവേഗ ആശയവിനിമയത്തിനുമായി റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. 700 MHz ഫ്രീക്വൻസി ബാൻഡിൽ 5 MHz സ്‌പെക്ട്രം റെയിൽവേക്ക് അനുവദിക്കാനാണ് തീരുമാനം

പുതിയ സ്‌പെക്ട്രം ഉപയോഗിച്ച് പാതകളിൽ മൊബൈൽ ട്രെയിൻ റേഡിയോ കമ്മ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ് റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്കായി ഏകദേശം 25,000 കോടി രൂപയിലേറെ ചെലവ് വരും. അടുത്ത അഞ്ച് വർഷത്തിനുള്ള പദ്ധതി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യൻ റെയിൽവേയിൽ ഇതുവരെ ഒപ്റ്റിക്കൽ ഫൈബറുകളാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ആധുനിക സ്‌പെക്ട്രം റെയിൽവേയ്ക്ക് റേഡിയോ ആശയവിനിമയം സാധ്യമാക്കും. ഇതിലൂടെ തത്സമയ ആശയവിനിമയം സാധ്യമാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ) സംവിധാനമായ ടി.സി.എ.എസിനും(ട്രെയിൻ കൂളിഷൻ അവോയ്ഡൻസ് സിസ്റ്റം) ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. ഇത് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടികളും അപകടങ്ങളും കുറയ്ക്കാൻ സാധിക്കും. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനുമാകും.

പ്രവർത്തന, സുരക്ഷ, സുരക്ഷിതത്വ ആപ്ലിക്കേഷനുകൾക്കായി സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ, ഡാറ്റാ ആശയവിനിമയ സേവനങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റും ഗാർഡുകളും തമ്മിൽ തടസമില്ലാതെ ആശയവിനിമയം ഉറപ്പാക്കാനും സാധിക്കും. സിഗ്‌നൽ സംവിധാനവും മാറും. കോച്ചുകളിൽ ഉൾപ്പെടെ സിസിടിവി ക്യാമറകൾ തത്സമയം നിരീക്ഷിക്കാനും ഇതുവഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here