കൊല്ലം : കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ ഫണ്ടുകളുടെ മറവിൽ ലക്ഷങ്ങൾ എഴുതിയെടുത്തെന്ന് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിക്ക് മേൽ ആരോപണം ഉന്നയിക്കപ്പെടുകയാണ്. പഞ്ചായത്ത് പരിധിയിലെയും മറ്റും സാമൂഹിക, സാമുദായിക സംഘടനകൾ വഴി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ബില്ലാക്കി എഴുതി മാറ്റിയെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനയായി ലഭിച്ച തുകകൾക്ക് യാതൊരുവിധ രേഖകളും പഞ്ചായത്തിൻ്റെ കയ്യിൽ ഇല്ലെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷ ജനപ്രതിനിധികൾ ഉന്നയിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടി.കെ.എം കോളേജിൽ ഒരുക്കിയ കൊവിഡ് കെയർ സെൻ്ററിൻ്റെ മറവിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പൊതുപരിപാടികളിലും പഞ്ചായത്ത് ഓഫീസിലും നിരവധി സഹായങ്ങൾ എത്തിച്ച ജനങ്ങളെ വിഡ്ഡികളാക്കി കൊണ്ടാണ് ഇത്തരത്തിലൊരു പകൽകൊള്ള നടന്നതെന്നാണ് അതിശയിപ്പിക്കുന്ന സംഗതി. പൊതുപ്രവർത്തകനും ഇപ്പോഴത്തെ കൊറ്റങ്കര പഞ്ചായത്ത് ജനപ്രതിനിധിയുമായ ശ്രീ. ജവാദ് സമർപ്പിച്ച വിവരവകാശ രേഖ പ്രകാരമുള്ള ചോദ്യങ്ങൾക്കാണ് മറുപടിയായി പഞ്ചായത്ത് യാതൊരുവിധ സഹായങ്ങളും ഒരാളുടെ പക്കൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നു മാത്രമല്ല പ്രതിരോധ പ്രവർത്തനങ്ങൾക്കും വിവിധ ആവശ്യങ്ങൾക്കുമായി പഞ്ചായത്ത് നിലവിൽ പത്ത് ലക്ഷത്തിലധികം രൂപാ ഇതിനോടകം ചിലവഴിച്ചെന്നുമുള്ള രേഖ ലഭിക്കുന്നത്. പച്ചയായ അഴിമതിയ്ക്കെതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here