റിയോഡി ജനീറോ : കോപ്പ അമേരിക്ക ഫൈനലിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന കപ്പുയർത്തി. പരമ്പരാഗത വൈരികളുടെ ആവേശകരമായ മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിനാണ് മെസ്സിയും സംഘവും ബ്രസീലിനെ തോൽപ്പിച്ചത്. ഇതോടെ കോപ്പയിൽ പതിനഞ്ചാം കിരീടം നേടി അർജന്റീന ഉറുഗ്വെയുടെറെക്കോഡിനൊപ്പമെത്തികൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ചു മാറ്റങ്ങളുമായാണ് പരിശീലകൻ സ്കലോനി ടീമിനെ ഇറക്കിയത്. ഗോൾ നേടിയ ഏയ്ഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനം വിജയിക്കുകയും ചെയ്തു.

ബ്രസീൽ പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. റോഡ്രിഗോ ഡിപോളിൽ നിന്ന് വലതു വിങ്ങിലേക്ക് പന്ത് നീട്ടിക്കിട്ടിയ ഏയ്ഞ്ചൽ ഡി മരിയ ശരം പോലെ മുന്നോട്ടു പാഞ്ഞപ്പോൾ ബ്രസീൽ പ്രതിരോധത്തിന്‌ തടയാനായില്ല. പ്രതിരോധമുയർത്തി മുന്നോട്ടു വന്ന ഗോളി എഡേഴ്സണേ നിസ്സഹായനാക്കി ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് പോസ്റ്റിലേക്കിട്ടു. ഗോൾ !

രണ്ടാം പകുതിയിൽ കളം നിറഞ്ഞ് കളിച്ച ബ്രസീൽ നായകൻ നെയ്മർ ഗോളിനായി ആവോളം ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വയ്ക്കുന്നതിൽ ബ്രസീലായിരുന്നു മുന്നിൽ. ഗോൾ മാത്രം പിറന്നില്ല. ഒടുവിൽ തൊണ്ണൂറാം മിനുട്ടും അധിക സമയവും അവസാനിച്ചപ്പോൾ ആഹ്ലാദക്കണ്ണീരോടെ നിന്ന മെസ്സിയുടെ അരികിലേക്ക് കൂട്ടുകാർ ഓടിയെത്തി. ക്യാപ്ടനെ എടുത്തുയർത്തി.. സന്തോഷം പങ്കുവെച്ചു. പരിശീലകനായ സ്കലാനിയെ കെട്ടിപ്പിടിച്ച് മെസ്സി കരയുന്നതും കോപ്പയിലെ വികാര നിർഭരമായ മുഹൂർത്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here