കൊച്ചി:കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കൂടി നിൽകുന്ന ബി, സി കാറ്റഗറിയിൽ പെട്ട സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 103 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാൻ ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മൊത്തം പരിശോധനയുടെ 30-35 % രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നടത്തും. എല്ലാ ആശുപത്രികളിലും കോവിഡ് പരിശോധന സൗകര്യം ഉള്ളതിനാൽ വാക്സിനേഷന് വരുന്നവർ രോഗ പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വാക്സിൻ എടുക്കുന്നതാണ് അഭികാമ്യം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെൻ്റുകളിലും ലഭ്യമായ പരിശോധന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മൈക്രോ കണ്ടെയ്ൻറ് സോണുകൾ കണ്ടെത്തി നിയന്ത്രണം കൂടുതൽ ശക്തമാക്കും. ക്വാറൻ്റൈൻ ലംഘിക്കുന്നവരെ ഡൊമിസിലറി കെയർ സെന്റെറുകളിലേക്ക് മാറ്റാനും പോലീസിന് കർശന നിർദേശം നൽകി. വ്യവസായ സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.

റെയിൽവേ പ്ലാറ്റ്ഫോമുകളിലും കമ്പാർട്ട്മെൻ്റിലും കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ റെയിൽവേ പോലീസിന് നിർദ്ദേശം നൽകി.
ഉത്സവ സീസൺ മുന്നിൽക്കണ്ട് സമഗ്രമായ കോവിഡ് പ്രതിരോധ നടപടികൾക്ക് രൂപം നൽകും. ആളുകൾ കൂടുന്ന പ്രധാന സ്ഥലങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക കോവിഡ് പരിശോധനകൾ നടത്തും.
ഉയർന്ന രോഗവ്യാപനമുള്ള ഡി വിഭാഗങ്ങളിൽപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പയിനുകൾ നടത്തും.
കോവിഡ് പശ്ചാത്തലത്തിൽ പൊതു പരിപാടികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here