തിരുവനന്തപുരം: നേതാക്കള്‍ സ്വന്തമായി ഫ്ലക്സ് വയ്ക്കുന്നത് നിരോധിച്ച് കോണ്‍ഗ്രസ്. കേഡര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തര്‍ക്ക പരിഹാരത്തിന് ജില്ലാതല സമിതികള്‍ രൂപീകരിക്കണം. പാര്‍ട്ടി വേദികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്കായി തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്നുവരുന്ന ശില്‍പശാലയില്‍ അവതരിപ്പിച്ച മാര്‍ഗരേഖയില്‍ പറയുന്നു.

എന്തെങ്കിലും ആവശ്യത്തിന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കണമെങ്കില്‍ ഡിസിസിയില്‍ നിന്നോ മണ്ഡലം ഭാരവാഹികളില്‍ നിന്നോ അനുമതി വാങ്ങണം. പ്രാദേശിക പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ വേണം. കല്യാണ, മരണ വീടുകളില്‍ ആദ്യാവസാനം സാന്നിധ്യം വേണം.

താഴേത്തട്ടിലുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല സമിതികള്‍ രൂപീകരിക്കണം. എന്തുതരം പരാതിയായാലും ഈ സമിതിയെ വേണം സമീപിക്കാന്‍. അതില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം മുകള്‍ ഘടകത്തെ സമീപിക്കണം.

ആറുമാസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.ഓരോ ജില്ലയില്‍ നിന്നും 2500 വീതം കേഡര്‍മാരെ കണ്ടെത്തുമെന്നും കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here