ന്യൂഡൽഹി : ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ ബ്രിക്‌സിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സംഘടനയ്‌ക്ക് സാധിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ ഇത് കൂടുതൽ ഫലപ്രദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 13 -ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.

ബ്രിക്‌സ് സംഘടനയുടെ 15 ാം വാർഷികത്തിൽ ഇന്ത്യ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീനമാകാൻ സാധിച്ചതോടൊപ്പം വികസ്വര രാജ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രിക്‌സിന് സാധിച്ചു. എന്നാൽ ഇത് തുടർന്നും മുന്നോട്ട് പോകണം. അടുത്തിടെ ബ്രിക്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഹെൽത്ത് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ ഇത് സഹായകമായി. തീവ്രവാദത്തിനെതിരെ നാം നിരവധി പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം ലോകവ്യാപകമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പറഞ്ഞു. ഇനി അഫ്ഗാനിസ്താൻ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകരുത്. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് തീവ്രവാദവും മയക്കുമരുന്ന് ഉത്പാദനവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ലോക സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായേക്കും. അഫ്ഗാൻ വിഷയത്തിൽ യഥാസമയത്ത് ലോകരാജ്യങ്ങൾ ഇടപെട്ടത് വളരെ നല്ല കാര്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ രാജ്യങ്ങൾക്കും ഒരു പോലെ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും അറിയിച്ചു. ഒരുമിച്ച് ശ്രമിച്ചാൽ കൊറോണയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യവും ഉപജീവനമാർഗവും സംരക്ഷിക്കുന്നതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാൻ പിന്തുണ നൽകുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here