1

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മുതിർന്ന സി.പി.ഐ നേതാവുമായ എ.എൻ രാജൻ (കോലഴി അമ്പ്യാട്ട് മ്യാലിൽ രാജൻ-74)അന്തരിച്ചു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമാണ്. കോവിഡ് ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ഡോ: ഗിരിജ. മക്കൾ: ഹരിരാജൻ, ശ്രീരാജൻ. മരുമക്കൾ: വീണ, ആർഷ. സംസ്കാരം നാളെ രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കെ.എസ്.ഇ.ബി.യിൽ നിന്ന് എഞ്ചിനീയറായി സർവീസിൽ നിന്ന് വിരമിച്ച
അദ്ദേഹം സർവീസിലിരിക്കെ ദീർഘകാലം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ(എ.ഐ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടും അതിന്റെ ഭാഗമായി എ.ഐ.ടി.യു.സി.യുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരു സെക്രട്ടറിയുമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സർവീസ് കാലയളവിന് ശേഷം മുഴുവൻസമയ പാർട്ടി, തൊഴിലാളി യൂണിയൻ പ്രവർത്തകനായിരിക്കെ രണ്ട് വർഷം മുൻപ് അസുഖ ബാധിതനായെങ്കിലും അതിൽ നിന്ന് മോചിതനായി വീണ്ടും സജീവ പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു. ഏത് പ്രശ്നത്തിലും ബന്ധപ്പെട്ട ചർച്ചകളിലും പൊതുവെ പ്രസംഗങ്ങളിലും വിഷയത്തിന്റെ കാതൽ മനസ്സിലാക്കി ഇടപെടുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. തമാശകൾ ഒന്നും പറയാത്തതും, ആവശ്യമില്ലാത്ത പൊടിപ്പ്, തൊങ്ങൽ എന്നിവചേർക്കാത്തതും , എന്നാൽ നന്നായി വിഷയവൈദഗ്ധ്യം നിറഞ്ഞതുമായ രാജന്റെ പ്രസംഗം ക്ലാസ് മുറിയെന്നാണ് വിശേഷിപ്പിക്കുക.
പ്രസംഗം പോലെയല്ല വ്യക്തിപരമായ സൗഹൃദ സംഭാഷണങ്ങൾ എന്നതും അതിൽ നന്നായി ഹാസ്യവും തമാശകളും എല്ലാം ഉണ്ടാവുക പതിവുണ്ടെന്നുള്ളതും എ.എൻ രാജനെ വ്യത്യസ്തനാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here