ആലുവ: ആമസോണിൽ നിന്നും 70,900 രൂപയുടെ ഐഫോൺ 12 ഓർഡർ ചെയ്ത  പ്രവാസിയ്‌ക്ക് ലഭിച്ചത് വിം സോപ്പും അഞ്ച് രൂപയുടെ നാണയവും. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുൾ അമീനാണ് പറ്റിക്കപ്പെട്ടത്. ആമസോണിലും പോലീസിലും യുവാവ് പാരാതി നൽകിയിട്ടുണ്ട്.

ഒക്ടോബർ 12നാണ് ഐഫോൺ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഇദ്ദേഹം വാങ്ങുന്നത്.ഇന്നലെ രാവിലെയാണ് ഡെലിവറി പാക്കറ്റുമായി ഏജന്റ് എത്തിയത്. അടുത്തിടെ ഇത്തരം തട്ടിപ്പ് നടന്ന വാർത്ത കണ്ടതിനാൽ ഏജന്റിന്റെ മുന്നിൽ വച്ച് തന്നെയാണ്  പാക്കറ്റ് തുറന്നത്.ഒരു വിം സോപ്പും അഞ്ച് രൂപയുടെ നാണയവുമാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്.

ആമസോൺ പ്രൈം മെമ്പറായ താൻ 2015 മുതൽ ഇതിൽ നിന്നും സാധങ്ങൾ വാങ്ങാറുണ്ട്. എന്നാൽ 70,000 രൂപയിൽ അധികം മുടക്കി സാധനങ്ങൾ വാങ്ങുന്നത്ആദ്യമാണ്. ഖത്തറിൽ പ്രവാസിയായ നൂറുൾ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി നാട്ടിലുണ്ട്. ആമസോണിൽ പരാതിപ്പെട്ടപ്പോൾ രണ്ട് ദിവസത്തെ സമയം കമ്പനി ചോദിച്ചിട്ടുണ്ടെന്നും നൂറുൾ പറഞ്ഞു. തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഐഫോൺ തട്ടിയെടുത്തവരെ കണ്ടെത്താൻ സാധിക്കുമോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സമാനമായ സംഭവം കഴിഞ്ഞ ദിവസം  ചണ്ഡീഗഡിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്  സിമ്രൻപാൽ സിംഗ് എന്ന വ്യക്തിയാണ് പറ്റിക്കപ്പെട്ടത്. ഫ്‌ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്ത ഇയാൾക്ക് കിട്ടിയത് നിർമ്മ ബാർ സോപ്പായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്തായി പുറത്തുവരുന്നത്. സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ അത് ഡെലിവറി ബോയിയുടെ മുന്നിൽ വെച്ച് തന്നെ തുറക്കണം എന്നാണ് ഫ്‌ലിപ്കാർട്ട് പറയുന്നത്.

ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ചെയ്തതായി മെസേജ് വന്നിട്ടും പണം നൽകിയ ആളുകൾക്ക് സാധനങ്ങൾകിട്ടാതാവുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. പരാതികൾ അറിയിക്കുമ്പോൾ 24 മണിക്കൂറിനുള്ളിൽ പരാതി പരിഹാരം ഉണ്ടാകുമെന്ന മറുപടിയാണ് കമ്പനിയുടെ കസ്റ്റമർ കെയറിൽ നിന്നും ലഭിക്കുന്നത് എന്ന് പണം നഷ്ടപെട്ടവർ പറയുന്നത്. ഉത്സവ സീസണിലെ മെഗാ ഓഫർ സെയിലുകൾ നടക്കുമ്പോഴാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here