ഇടുക്കി:ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 സെന്റി മീറ്റര്‍ രണ്ട് ഷട്ടര്‍ തുറന്ന് 100 ക്യുമക്സ് (ഒരു ലക്ഷം ലിറ്റര്‍ ) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടണ്ടെന്നും മന്ത്രി പറഞ്ഞു.

ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4 (15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുംടുബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന പത്ര സമ്മേളനത്തിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഡാം തുറക്കുന്ന വിവരം അറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here