കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. 29 പ്രതികളാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കേസിൽ 29-ാം പ്രതിയാണ്. സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്‌ന സുരേഷും സന്ദീപും രണ്ടും മൂന്നും പ്രതികളാണ്.

മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ സമർപ്പിച്ചത്. കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. എമിറൈറ്റ്‌സ്, കാർഗോ വിഭാഗവും കസ്റ്റംസ് ബ്രോക്കർ ഉൾപ്പെടെയുള്ളവരും പ്രതിപ്പട്ടികയിലുണ്ട്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.

21 തവണയായി 161 കിലോ സ്വർണ്ണമാണ് പ്രതികൾ കടത്തിയത്. സംഭവത്തിൽ പിന്നീട് കേന്ദ്ര അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. സ്വർണ കള്ളക്കടത്ത് നടത്തിയതിന്, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here