ആലുവ: വളയം പിടിച്ച കൈകളിൽ ശരീരസൗന്ദര്യ മത്സരത്തിൽ ചാമ്പ്യൻ പട്ടവുമായി പി.സി. മുരളി വീണ്ടും ആലുവയുടെ അഭിമാനമായി. കെ.എസ്.ആർ.ടി.സിയിൽ നിന്നും ഡ്രൈവറായി വിരമിച്ച തോട്ടുമുഖം മഹിളാലയം പനച്ചിക്കൽ വീട്ടിൽ മുരളി (58) ആറാം വട്ടമാണ് 50+ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ചാമ്പ്യനാകുന്നത്.

സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷനും സംസ്ഥാന ബോഡി ബിൽഡിംഗ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 35-ാമത് മിസ്റ്റർ സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ്ചാമ്പ്യൻഷിപ്പിലാണ് മുരളി കഴിഞ്ഞ ദിവസം വീണ്ടും ചാമ്പ്യനായത്. 44 വർഷത്തിലേറെയായി ബോഡി ബിൽഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന മുരളി കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. അഞ്ച് വർഷത്തിലേറെ കളരിയും അഭ്യസിച്ചിട്ടുണ്ട്. ബോഡി ബിൽഡിംഗിൽ ആറ് തവണ എറണാകുളം ജില്ലാ ചാമ്പ്യനായിരുന്നു. ഇതിൽ നാല് വട്ടം ടൈറ്റിൽ ചാമ്പ്യനുമായി. മൂന്ന് വട്ടം സംസ്ഥാന ചാമ്പ്യനുമായതിന് പുറമെയാണ് ഇക്കുറി 50+ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻ പട്ടവും നേടിയത്.

മക്കളായ ഷിബിനും മിഥുനും ബോഡി ബിൽഡിംഗ് മേഖലയിൽ തന്നെയാണ്. മിഥുൻ എം.ജി സർവകലാശാലിയും സംസ്ഥാന തലത്തിലും ചാമ്പ്യനായിട്ടുണ്ട്. ഇരുവരും ചേർന്ന് ഖത്തറിൽ ജിംനേഷ്യം നടത്തുകയാണിപ്പോൾ. ഭാര്യ ഷീല ആലുവയിൽ എൽ.ഐ.സി ഏജന്റാണ്. വീട്ടിലും പിന്നീട് തോട്ടുമുഖത്തും ജിംനേഷ്യം സെന്റർ നടത്തിയ മുരളി ഇപ്പോൾ കുട്ടമശേരിയിൽ ഒളിമ്പ്യ ഹെൽത്ത് ക്ളബ് നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here