രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അകമഴിഞ്ഞ സ്‌നേഹവും, വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്‌ട്ര ശിൽപികളെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

കളങ്കവും കാപട്യവുമില്ലാത്ത കുട്ടികളുടെ മനസ്സിനെപ്പോലെ ആകാൻ ആയിരിക്കണം ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടതെന്ന് നിരന്തരം പറയുന്ന ആളായിരുന്നു അദ്ദേഹം. അതിലുപരി കുട്ടികളുടെ കഴിവ് വികസിപ്പിക്കാനായി മികച്ച വിദ്യാഭ്യാസം ഒരുക്കുകയും അവരിൽ ഗവേഷണ കഴിവ് വളർത്താനായി ദേശീയ ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ നെഹ്‌റു സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾക്ക് നെഹ്‌റു  അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു.

1889 നവംബർ 14ന് അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്‌റുവിന്റേയും, ഭാര്യ സ്വരുപ്‌റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. തന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം വിദ്യാഭ്യാസം നേടുന്നതിനായി ഇംഗ്ലണ്ടിലെത്തി. രണ്ട് വർഷക്കാലം ഹാരോയിൽ പഠിച്ച ശേഷം കേംബ്രിഡ് സർവകലാശാലയിൽ ചേർന്ന് നാച്വറൽ സയൻസ് പഠിച്ചു. പിന്നീട് ഇന്നർ ടെംപിളിൽ നിയമപഠനം പൂർത്തിയാക്കി. 1912ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്‌റു പിന്നീട് തന്റെ ജീവിതം രാഷ്‌ട്രസേവനത്തിനായി ഉഴിഞ്ഞു വെയ്‌ക്കുകയായിരുന്നു.

ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. ഇതിനായി അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ വിദ്യാഭ്യാസ മേഖലയിൽ പല മാറ്റങ്ങൾ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ച് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കി. ഗ്രാമങ്ങൾ തോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിയും അദ്ദേഹം ആവിഷ്‌കരിച്ചു.

ഈ ദിനത്തിൽ രാജ്യത്തുടനീളം കുട്ടികൾക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം എന്നിവ കുട്ടികൾക്കായി ഒരുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here