ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് വ്‌ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, കൊറോണ എന്നിവയിൽ ആശങ്കയുണ്ടെന്ന് പുടിൻ പറഞ്ഞു. ഇവയെ ഇരുരാജ്യങ്ങളും ഒന്നിച്ചു നിന്ന് നേരിടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.

പുടിനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച്ച തുടരുകയാണ്. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ പ്രധാനമന്ത്രി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊറോണ ബാധിച്ചില്ല. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളികളിലൊരാളാണെന്നും നരേന്ദ്രമോദി പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതിയിൽ പുടിൻ ആശങ്കയറിച്ചു.

ഇന്ത്യ റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിൻ പറഞ്ഞു. ഭീകരതയ്‌ക്കെതിരേയും ലഹരിമരുന്നിനെതിരേയും ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ വലിയ ശക്തിയായാണ് തങ്ങൾ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അസാമാന്യമായി വളരുകയാണെന്നും പുടിൻ വ്യക്തമാക്കി.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നരേന്ദ്രമോദിയും വ്‌ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നടക്കുന്നത്. നേരത്തെ 21-ാമത് വാർഷിക ഉച്ചകോടിയ്‌ക്ക് മുന്നോടിയായി ഡൽഹിയിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച്ച നടത്തിയത്. അന്ന് സുപ്രധാന ആയുധക്കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുനേതാക്കളും ഒപ്പുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here