പാലക്കാട്: സർക്കാരിനെതിരേ വീണ്ടും രൂക്ഷവിമർശനം ഉന്നയിച്ച് അട്ടപ്പാടിയിലെ ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെ മന്ത്രി നടത്തിയ സന്ദർശനം വിവാദമായ സാഹചര്യത്തിലായിരുന്നു നോഡൽ ഓഫീസറുടെ പ്രതികരണം.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം നടപടികളെ തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണം. ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലർക്കും കോടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നൽകൂ എന്ന് പറഞ്ഞവർ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനസജ്ജമാക്കാനും ലിഫ്റ്റ് നിർമിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടുണ്ട്. എന്നാൽ കത്ത് സർക്കാർ പരിഗണിച്ചില്ല. ഇക്കാര്യങ്ങളിലൊക്കെ മന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ മെമ്പർമാർ ചെയ്തത്. സർക്കാർ താൻ അടക്കമുള്ളവരുടെ അഭിപ്രായം ആരാഞ്ഞിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരേ എന്ത് നടപടിയുണ്ടായാലും പ്രശ്നമില്ലെന്നും പ്രഭുദാസ് പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് അട്ടപ്പാടി സന്ദർശിച്ചപ്പോൾ നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ഡോ. പ്രഭുദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here