തൃശൂർ:കഥകളി ചെണ്ട കലാകാരനും, മുൻ കലാമണ്ഡലം പ്രിൻസിപ്പാളുമായിരുന്ന ശ്രീനാരായണപുരം അപ്പുമാരാർ വിടവാങ്ങി.

കഥകളിച്ചെണ്ട കലാകാരനായിരുന്ന കൊടുങ്ങല്ലൂർ അലങ്കാരത്ത് മാരാത്ത് ശങ്കരൻകുട്ടിമാരാരുടെയും ശ്രീനാരായണപുരത്ത് കാർത്ത്യായനി മാരാസ്യാരുടെയും മകനായാണ്‌ ജനിച്ചത്. ശ്രീനാരായണപുരം ക്ഷേത്രത്തിൽ അടിയന്തിരച്ചടങ്ങുകൾ നടത്തേണ്ടതുകൊണ്ട് ക്ഷേത്രച്ചടങ്ങുകൾ അമ്മാവനായ കൃഷ്ണമാരാരിൽ നിന്നും ഹൃദിസ്ഥമാക്കി

അച്ഛന്റെ കീഴിൽ തായമ്പക അഭ്യസിച്ച് പത്താംവയസ്സിൽ ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. എട്ടാം ക്ളാസ് പഠനത്തിനുശേഷം അച്ഛന്റെ കീഴിൽത്തന്നെ കഥകളിക്കൊട്ട് പഠനം ആരംഭിച്ച അപ്പുമാരാർ, വേങ്ങർ ഏഴിക്കര ഗോപാലപ്പണിക്കരുടെ കളരിയിൽ ചൊല്ലിയാട്ട പരിശീലനം നടത്തി 15-ാം വയസ്സിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ മേളപ്പദം, പുറപ്പാട് എന്നിവയിൽ അരങ്ങേറി. തുടർന്ന് അച്ഛനോടൊപ്പം അമ്പലപ്പുഴ, മാവേലിക്കര, തോട്ടപ്പിള്ളി, ചവറ എന്നിവിടങ്ങളിലെ കളിയരങ്ങുകളിൽ ചെണ്ടക്കാരനായി അരങ്ങുപരിചയം നേടി.

കലാമണ്ഡലത്തിലെ പഠനത്തോടെ കഥകളിച്ചെണ്ടയിൽ തെക്കൻ-വടക്കൻ സമ്പ്രദായങ്ങൾ അറിയുന്ന അപൂർവ കലാകാരനായി അപ്പുമാരാർ വളർന്നു. അച്ഛന്റെ നിര്യാണത്തോടെ കലാമണ്ഡലത്തിൽനിന്ന് മടങ്ങിയ അപ്പുമാരാർ ഏഴിക്കര ഗോപാലപ്പണിക്കർ, ചന്ദ്രമന ശ്രീധരൻനമ്പൂതിരി, എഴുപുന്ന പങ്കജാക്ഷൻനായർ എന്നിവരുടെ കഥകളിയോഗങ്ങളിലെ ചെണ്ടക്കാരനായി പങ്കെടുത്തു. തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ, തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗം എന്നിങ്ങനെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക്‌ മേളനിരയിൽ ഉരുട്ടുചെണ്ടക്കാരനായി പങ്കെടുത്തു.

ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള അപൂർവ ക്ഷേത്രച്ചടങ്ങായ ‘ജയാബലി’യുടെ അനുഷ്ഠാനവാദ്യച്ചടങ്ങിന് നേതൃത്വം വഹിച്ചിട്ടുള്ള കലാകാരനാണ് അപ്പുമാരാർ.

1956-ൽ ഇരിങ്ങാലക്കുടയിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം സ്ഥാപിതമായപ്പോൾ ആദ്യ ചെണ്ടകലാകാരനായ അപ്പുമാരാർ 26 വർഷം ചെണ്ട അധ്യാപകനായും 10 വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചതിനു ശേഷം 1992-ൽ വിരമിച്ചു.

പ്രശസ്ത കഥകളിച്ചെണ്ടക്കാരനായ കലാനിലയം കുഞ്ചുണ്ണിയടക്കം വിപുലമായ ശിഷ്യസമ്പത്ത് അപ്പുമാരാർക്കുണ്ട്.പുറപ്പാട്, മേളപ്പദംഎന്നിവപെരുവനംകുട്ടൻമാരാരടക്കമുള്ളപ്രമുഖരെഅപ്പുമാരാരാണ് അഭ്യസിപ്പിച്ചിട്ടുള്ളത്.

സംഗീത നാടക അക്കാദമി പുരസ്‌കാരം, ചക്കംകുളം അപ്പുമാരാർ സ്മാരക സുവർണമുദ്ര, ഉണ്ണായിവാരിയർ സുവർണമുദ്ര, മാരാർ ക്ഷേമസഭയുടെ വാദിത്രരത്‌നം, കഥകളി മേളാചാര്യ ട്രസ്റ്റ് പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ അപ്പുമാരാരെ തേടിയെത്തിയിട്ടുണ്ട്. പുതിയേടത്ത് മാരാത്ത് പരേതയായ ശാരദ മാരാസ്യാരാണ് ഭാര്യ. ശാന്ത, പാർവതി എന്നിവർ മക്കളും പരേതനായ ഹരിദാസ്, വലംതല ചെണ്ടകലാകാരൻ തൃക്കൂർ മാക്കോത്ത് ഗിരീശൻമാരാർ എന്നിവർ മരുമക്കളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here