കൊൽക്കത്ത: അക്രമകാരികളുടെ കലാപം തടയാൻ ബംഗാൾ പോലീസിനായില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ കൊൽക്കത്ത ഹൈക്കോടതി. ബിജെപി മുൻ വക്താവ് മതനിന്ദ നടത്തിയെന്ന പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലാക്കാൻ സംസ്ഥാന സർക്കാർ ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പ്രവാചക നിന്ദയുടെ പേരിലുള്ള അക്രമ സംഭവങ്ങൾ തടയാൻ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ അഞ്ച് പേർ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. സംസ്ഥാനത്തെ അക്രമ സംഭവങ്ങൾ തടയാൻ പോലീസിന് കഴിയുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാം. കേന്ദ്ര സേനയുടെ സഹായത്താൽ സംസ്ഥാനത്തെ ക്രമസമാധാനം പുന:സ്ഥാപിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹൗറ, മുർഷിദാബാദ്, നാദിയ എന്നിവിടങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതിന് പുറമേ അക്രമ സംഭവങ്ങളിൽ എൻഐഎ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ജൂൺ ഒൻപതി ദേശീയപാത 16 ലെ വാഹന ഗതാഗതം തടസ്സപ്പെടുത്തി അക്രമികൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് സംസ്ഥാനത്തെ പോലീസ് സംവിധാനം സമ്പൂർണ പരാജയമാണെന്ന വസ്തുതയാണ്  വെളിവാക്കുന്നത് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here