ന്യൂഡൽഹി : എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ മൈസൂർ കൊട്ടാരത്തിൽ യോഗ അഭ്യസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മൈസൂർ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു. രാജ്യം 75 -ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ 75 കേന്ദ്രങ്ങളിലായി കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗാഭ്യാസങ്ങൾ നടത്തുന്നത്.

 

യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നൽകുന്നുവെന്ന് യോഗ ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മിൽ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നുവെന്ന് അന്താരാഷ്‌ട്ര യോഗാദിനത്തിൽ അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

യോഗ ഏതൊരു വ്യക്തിക്ക് മാത്രമല്ല, മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്നതാണ് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രമേയം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ ഇന്ത്യയിൽ നാം യോഗ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ഊർജം നൽകിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാർഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉള്ളിൽ സമാധാനമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ആഗോള തലത്തിൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. യോഗയ്‌ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്നപരിഹാരമായി മാറാൻ കഴിയുന്നതും ആളുകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്നത് അങ്ങനെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടും നിന്നും യോഗയുടെ ദൃശ്യങ്ങൾ വരുന്നതായി കാണാൻ സാധിക്കുന്നുണ്ടെന്നും ഇത് സ്വയം സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു. യോഗ ഇന്ന് അന്താരാഷ്‌ട്ര സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here