വിഴിഞ്ഞത്ത് നടക്കുന്ന സമരത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ പെരേര. മന്ത്രിമാര്‍ തുറന്ന മനസോടെ മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ കേട്ടു. ആവശ്യങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയെന്നും ലത്തീന്‍ അതിരൂപത വികാരി പറഞ്ഞു.

ഫിഷറീസ് വകുപ്പ് മന്ത്രി തുറന്ന മനസോടെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടത്. വൈകാര്യകമായ ആഭിമുഖ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുന്നയിച്ച് ഏഴ് വിഷയവും പ്രത്യേകം പ്രത്യേകമാണ് ചര്‍ച്ച ചെയ്തത്. ഓണത്തോടനുബന്ധിച്ച് ക്യാംപില്‍ കഴിയുന്ന എല്ലാവരെയും വാടക വീടുകളിലേക്ക് മാറ്റും. ഈ കുടുംബങ്ങളെ സ്ഥിരമായി പാര്‍പ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. സമയ ബന്ധിതമായി പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

മണ്ണെണ്ണയുടെ വില കുറയ്ക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും കാബിനറ്റിലും ചര്‍ച്ചയ്ക്ക് വയ്ക്കും. മുതലപ്പുഴയുടെ കാര്യത്തിലും ചര്‍ച്ച നടന്നു. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം കടലില്‍ പോകരുതെന്ന് പറയുന്ന ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് പരിഗണിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അടുത്തയാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് സമ്മതിച്ചു.

വിഴിഞ്ഞം പോര്‍ട്ട്, തീരശോഷണം എന്നിവയില്‍ ഒരാഴ്ചയ്ക്കകം ചര്‍ച്ചയുണ്ടാകും. തുറമുഖ നിര്‍മാണം പൂര്‍ത്തിയായാല്‍ പല പ്രതിസന്ധിയും ഉണ്ടാകും. തുറമുഖ നിര്‍മാണത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുന്നു. അഞ്ച് ആവശ്യങ്ങളില്‍ ധാരണയായി.മുഴുവന്‍ ആവശ്യങ്ങളും പരിഹരിക്കും വരെ സമരം തുടരും’. ജനറല്‍ മോണ്‍.യൂജിന്‍ പെരേര വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പഠിക്കാന്‍ സമിതിയുണ്ടാക്കും. മണ്ണണ്ണെ സബ്‌സിഡി വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സമരം പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here