ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി..രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ആചാര്യവരണത്തിന് ശേഷം ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു. പള്ളിവേട്ട ദിവസം വരെ മുളയറയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും. മുളയിടലിന് ശേഷം ശ്രീകോവിലിനകത്ത് പൂജിച്ച് ഭഗവത് സാന്നിധ്യം വരുത്തിയ സപ്തവര്‍ണകൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളോടെയും രാത്രി 8.46 ന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് സ്വര്‍ണകൊടിമരത്തില്‍ കൊടിയേറ്റി.

അതിനുശേഷം അത്താഴപൂജയും കൊടിപ്പുറത്തുവിളക്കും ഉണ്ടായി. നാളെ രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ദിവസവും രാവിലെയും വൈകിട്ടും മേളത്തോടെ കാഴ്ചശീവേലിയുണ്ടാവും. രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കും. ദിവസവും പ്രഗത്ഭരുടെ തായമ്പകയും അരങ്ങേറും. മാര്‍ച്ച് നാലി്‌ന് പള്ളിവേട്ടയാണ്. അഞ്ചിന് ആറാട്ടോടെ ഉത്സവത്തിന് സമാപനമാവും .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉത്സവ കഞ്ഞി വിതരണം ഈ വർഷമില്ല ,പകരം അഞ്ചു കിലോ അരിയും ഒരു കിലോ മുതിരയും അര കിലോ വീതംവെളിച്ചെണ്ണയും ശർക്കരയും അടങ്ങുന്ന കിറ്റാണ് ദേവസ്വം വിതരണം ചെയ്യുന്നത് 10,000 പേർക്കാണ് കിറ്റ് നൽകുന്നത്

ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ആനയോട്ടം നടന്നിരുന്നു. കർശന നിയന്ത്രണങ്ങൾക്കിടെയായിരുന്നു ആനയോട്ട ചടങ്ങ് നടന്നത്. 3 ആനകളെ ആനയോട്ടത്തിൽ പങ്കെടുപ്പിക്കാമെന്ന് അനുമതി ലഭിച്ചതോടെ ഗോപീകണ്ണൻ, ഗോപീകൃഷ്ണൻ, ദേവദാസ് എന്നീ ഗജരാജന്മാർ മത്സരത്തിനിറങ്ങി. കഴിഞ്ഞ വർഷം ഉൾപ്പെടെ എട്ട് തവണ വിജയിയായിരുന്ന ഗോപീകണ്ണനെ കിഴക്കേ നടശാലയ്ക്ക് മുൻപിൽ മറികടന്ന് ഗോപീകൃഷ്ണനാണ് വിജയിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here