കൊച്ചി: കാർ മോഷ്ടാവിനെ സിനിമാ സ്‌റ്റൈലിൽ ഓടിച്ചിട്ട് പിടിച്ച പോലീസുകാർക്ക് അഭിനന്ദനം. എറണാകുളം അങ്കമാലിയിലാണ് സംഭവം. നിരവധി കേസുകളിലെ പ്രതിയായ കാർ മോഷ്ടാവ് ഫാസിലിനെയാണ് പോലീസുകാർ ഓടിച്ചിട്ട് പിടിച്ചത്.

സംഘത്തിലുണ്ടായിരുന്ന എസ്‌ഐമാരായ ടി.കെ. ജോഷി, സി.ടി ഷൈജു എഎസ്‌ഐ ഒ.എ ഉണ്ണി, സിപിഒമാരായ സുധീർ, അലി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് അഭിനന്ദിച്ചു. പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി.

താക്കോൽ വണ്ടിയിലിട്ട് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാസിൽ പോലീസിന്റെ വലയിലായത്. കാറുമായി സ്ഥലം വിട്ട ഫാസിലിന് പിന്നാലെ സ്ഥലത്തെത്തിയ ഹൈവേ പോലീസ് സംഘം കുതിക്കുകയായിരുന്നു. പിടിക്കുമെന്നായപ്പോൾ ഫാസിൽ കാർ നിർത്തി കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ മതിലു ചാടി ഓടി. പോലീസും പിന്നാലെ. ഇതോടെ ഗവൺമെന്റ് ആശുപത്രിയിലേക്ക് കയറി. അവിടെ നിന്ന് ഓടി ഓട്ടോസ്റ്റാന്റിലെത്തി.

ഓട്ടോയിൽ കയറി കാലടി ഭാഗത്തേക്ക്. അടുത്ത ഓട്ടോയിൽ പോലീസും പിന്നാലെ പിടിച്ചു. ഓട്ടത്തിനൊടുവിൽ നാലഞ്ച് കിലോമീറ്റർ ദൂരെ എം.സി റോഡിൽ വണ്ടി വട്ടം വച്ചു. അവിടെ നിന്നും വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിനിമാ സ്‌റ്റൈലിൽ പോലീസ് പിടികൂടുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here