കൊച്ചി : പതിമൂന്ന് വയസുകാരിയായ വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയതാണെന്ന് സനു മോഹൻ കുറ്റസമ്മതം നടത്തി. തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ അത് ചെയ്യാൻ സാധിച്ചില്ല എന്ന് സനു മോഹൻ പറഞ്ഞു. കടബാധ്യത കാരണമാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും പ്രതി വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ മൊഴിയിൽ സംശയമുളളതായി പോലീസ് അറിയിച്ചു.

കടബാധ്യത കാരണമാണ് മകളുമൊത്ത് മരിക്കാൻ ശ്രമിച്ചത്. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ലാറ്റിൽ വെച്ച് മരിക്കാൻ പോകുകയാണെന്ന് മകളോട് പറഞ്ഞു. കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് കടക്കാൻ ശ്രമിച്ച മകളെ ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തതായി സനു മോഹൻ പറഞ്ഞു.

വൈഗയുടെ മൂക്കിൽ നിന്നും രക്തം വന്നപ്പോൾ അത് ബെഡ്ഷീറ്റ് വെച്ച് തുടച്ചു. പിന്നീട് മകളുടെ ശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് മുട്ടാർ പുഴയിലെത്തി. തുടർന്ന് വൈഗയെ പുഴയിൽ താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് സനു മോഹൻ പറഞ്ഞു. എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് ബംഗളൂരുവിലും ഗോവയിലും മൂകാംബികയിലും പോയത്. ഒളിവിൽ പോയതല്ല ആത്മഹത്യ ചെയ്യാൻ പോയതാണെന്നാണ് സനു മോഹൻ പറഞ്ഞത്. കുറേ തവണ അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് സാധിച്ചില്ലെന്നും ഇയാൾ വെളിപ്പെടുത്തി.

എന്നാൽ ശ്വാസം മുട്ടിയല്ല വൈഗ മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. വെള്ളത്തിൽ എറിയുമ്പോൾ വൈഗയ്ക്ക് ജീവനുണ്ടായിരുന്നു. ആന്തരീകാവയവങ്ങളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. സനു മോഹന്റെ മൊഴിയിലെ വിശ്വാസ്യത പരിശോധിച്ച് വരികയാണ്.

ഇന്നലെയാണ് ഉത്തര കന്നഡയിലെ കാർവാറിൽ വെച്ച് സനു മോഹനെ പോലീസ് പിടികൂടിയത്. തുടർന്ന് ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിച്ചു. മാർച്ച് 21 നാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റിൽ നിന്ന് സനു മോഹനെയും മകൾ വൈഗയേയും കാണാതാകുന്നത്. ബന്ധുവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയൽ നിന്നും ലഭിക്കുകയായിരുന്നു. എന്നാൽ സനു മോഹനെ അപ്പോഴേയ്ക്കും കാണാതായിരുന്നു. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here