തൃശൂർ:ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായതോടെ യുവതി മരിച്ചു . മകൾ മരിച്ചതിന്റെ ആഘാതത്തിൽ അമ്മയും മരിച്ചു. കൊടുങ്ങല്ലൂർ മതിലകത്താണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതിിനെ തുടർന്നാണ് ഓക്സിജൻകോൺസൻട്രേറ്റർ പ്രവർത്തിക്കാതാായത്

റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകൾ ഉണ്ണിമായ (27) എന്നിവരാണ് ഒരേ ദിവസം മരിച്ചത് .

കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായയ്ക്ക് ഹൃദയവാൽവ് സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നു . ഇതുമൂലം ഇടക്കിടെയുണ്ടാകുന്ന ശ്വാസ തടസ്സം മാറ്റാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ ഉപയോഗിക്കാറുണ്ട് .

എന്നാൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനരഹിതമായി. ഓക്സിജൻ കിട്ടാതെ അവശയായ ഉണ്ണിമായയെ അയൽക്കാർ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

എന്നാൽ മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നാലെ മകളുടെ മൃതദേഹവും വീട്ടിൽ എത്തിച്ചു . മകളുടെ ചേതനയറ്റ മുഖം കണ്ടതോടെ തളർന്ന് വീണ പ്രീതിയെ ഉണ്ണിമായയുടെ മൃതദേഹം കൊണ്ടുവന്ന അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് ആദ്യം മകൾക്കും പിറകെ അമ്മക്കും ചിതയൊരുങ്ങി. പ്രീതിയുടെ മകൻ അരുൺ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here