കൊച്ചി: കൊറോണ മഹാമാരി പടർന്ന് പിടിച്ചത് മുതൽ ഇതിനെതിരെ രാപകൽ കഷ്ടപ്പെടുന്ന പോലീസ് സേന ഇതോടെ ജനങ്ങളോട് കൂടുതൽ അടുക്കുകയായിരുന്നു.ഇതിനിടെ പല ഉദ്യോഗസ്ഥർക്കും, കുടുംബാഗങ്ങൾക്കുംരണ്ടും മൂന്നും തവണ അസുഖം പിടികൂടുകയും, ക്വാറൻറ യിനിൽ പോകേണ്ടിയും വന്നിട്ടുണ്ട്. ചിലരുടെ ജീവൻ പൊലിയുകയും, ആക്രമണങ്ങൾക്ക് ഇടയാ കേട്ടിയും വന്നു.എന്നിട്ടും മഹാ മാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നസേനയെഅപകീർത്തിപ്പെടുത്തുന്ന തരത്തിൽ വസ്തുനിഷ്ഠ മല്ലാതെവാർത്ത നൽകുന്നതിനെതിരെയാണ് പോലീസ് സേനയിൽ അമർഷം പുകയുന്നത്.

.പോലീസ് അംഗങ്ങൾക്കും കുടുംബങ്ങൾ ഉണ്ട്. കോവി ഡിനെ നിയന്ത്രിക്കാനാണ് സർക്കാർ പോലീസ് സേനയെ രംഗത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കാൾ ലംഘിക്കുന്നവർക്കെതിരെയാണ് സേന പിഴ ചുമത്തുന്നത് ഇത് സർക്കാരിലേക്കാണ് പോകുന്നത്. സേനാംഗങ്ങൾക്കല്ല എന്ന സത്യം മനസിലാക്കാതെയാണ് പ്രമുഖ പത്രം  കൊറോണ കാലത്ത് ജനങ്ങളെ പിഴിഞ്ഞ് പോലീസിന് കിട്ടിയത് 35 കോടി എന്ന തരത്തിൽ  വാർത്ത വന്നത്. ഇതിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജുവിൻ്റെ ഫെയിസ് ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

പോസ്റ്റിൻ്റെ പൂർണ രൂപം

“നിങ്ങൾ അറിഞ്ഞോ നാട്ടാരേ …” 
“പോലീസിന് കിട്ടിയത് 35 കോടി എന്ന്.…”

ലോകമാകെ കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഭാഗമായി വിറങ്ങലിച്ചു നിൽക്കുയാണ്. ആരോഗ്യ മേഖലയിലെ പ്രശ്നം എന്ന നിലയിൽ ഈ സാഹചര്യം നേരിടാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനം അഭിനന്ദനീയമാണ്. അവർ രോഗികളെയാണ് ചികിത്സിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ മേഖലയ്ക്കപ്പുറം മുന്നണിയിൽ നിന്ന് പ്രതിരോധിക്കുന്ന വിഭാഗമാണ് പോലീസ്. പോലീസ് ചികിത്സിക്കുന്നത് രോഗികളെയല്ല. രോഗവ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കാൻ തെരുവിലിറങ്ങി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരേയാണ്. ഇത്തരക്കാരിൽ ചിലരുമായി ഇടപെടേണ്ടി വന്നതുകൊണ്ട് മാത്രം രോഗികളായി മാറിയവരും നിരവധിയാണ്. ഇത്തരത്തിൽ ജനസേവനത്തിന്റെ ഭാഗമായി രോഗം വന്ന പോലീസ് ഉദ്യോഗസ്ഥന്മാരിൽ നിന്ന് അവരുടെ കുടുംബാംഗങ്ങൾക്കും അസുഖം ലഭിക്കുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥന്മാരും, പോലീസ് കുടുബാംഗങ്ങളും കോവിഡ് ബാധിച്ച് മരണപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇതുവരെ കേരളാ പോലീസിലെ അംഗസംഖ്യയിലെ നാലിൽ ഒന്ന് പേർ കോവിഡ് പോസിറ്റീവ് ആയി. ഈ കണക്കുകൾ പൊതു സമൂഹം അറിയുന്നില്ല എന്നത് വസ്തുതയാണ്.
ഇങ്ങനെ വിശ്രമരഹിതമായി വീടും കുടുംബവും ഉപേക്ഷിച്ച്‌ കിഠിനാധ്വാനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ശ്രദ്ധേയമായ വാർത്തകൾ പലതും മാധ്യമങ്ങളിലൂടെ വന്നിട്ടുണ്ട്. അത്തരം വാർത്തകൾ നൽകിയ മാധ്യമങ്ങളേയും, വാർത്തകൾ തയ്യാറാക്കിയ മാധ്യമ പ്രവർത്തകരേയും ഈ സന്ദർഭത്തിൽ ഹൃദയാഭിവാദ്യം ചെയ്യുന്നു.

ഇന്നത്തെ മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയാണ് ഇതോടൊപ്പം ഉള്ളത്. ഒരു പരിഷ്കൃത സമൂഹത്തിലെ പ്രബുദ്ധതയുള്ള മാധ്യമത്തിൽ വരേണ്ട വാർത്തയല്ല ഇത് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.
*”കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് പോലീസിന് ലഭിച്ചത് 35 കോടി രൂപ”* എന്നാണ് ലേഖകൻ എഴുതിവച്ചിരിക്കുന്നത്. ഇത് വായിക്കുന്ന സാധാരണക്കാരൻ ചിന്തിക്കുന്നത് കോവിഡ് മാനദണ്ഡങ്ങളും, നിയമങ്ങളും ലംഘിക്കുന്നവരിൽ നിന്ന് നിയമാനുസരണം ഈടാക്കുന്ന പിഴ പോലീസ് ഉദ്യോഗസ്ഥരുടെ കുടുബത്തിലേക്കാണ് ഒഴുകുന്നത് എന്നാണ്. മാത്രമല്ല ഊണും ഉറക്കവുമില്ലാതെ, കോവിഡ് വ്യാപനം തടയുന്നതിന് 24 മണിക്കൂറും സ്വന്തം സുരക്ഷിതത്വം പോലും മറന്ന് പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ പൊതു സമൂഹത്തിന്റെ ശത്രുക്കളാണ് എന്ന ചിന്ത സൃഷ്ടിക്കാനുള്ള പ്രചാരണമാണ് ഈ വാർത്തയിലൂടെ നടത്തിയിരിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

ലോക് ഡൗൺ ഡ്യൂട്ടിക്കിടയിൽ ഗുരുതരമായി ആക്രമണങ്ങൾക്ക് നിരവധി പോലീസ് ഉദ്യോഗസ്ഥർ ഇതിനകം വിധേയരായിട്ടുണ്ട്. മറയൂരിൽ ആക്രമണത്തിന് വിധേയനായ അജീഷ് പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ. ഈ ദുരന്തങ്ങളെ കൂടി നേരിട്ടു കൊണ്ട് തൊഴിൽ ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നേരേ കൂടുതൽ ആക്രമണങ്ങളും, അതിക്രമങ്ങളും നടത്താനുള്ള പരോക്ഷ ആഹ്വാനത്തിന് തുല്യമായിപോയി ഈ വാർത്ത എന്ന് പറയേണ്ടി വരുന്നു.

ഇത് കേവലം ഒരു ലേഖകന്റെ തുലികാ പിഴവായി കാണാൻ കഴിയുന്നില്ല. അങ്ങനെ ലേഖകർക്ക് എന്തും എഴുതിവിടാൻ കഴിയുന്ന പത്രത്തിലല്ല ഈ വാർത്ത വന്നത്. ഇങ്ങനെയുള്ള വാർത്തകൾ നൽകി, പോലീസ് വിഭാഗത്തെ ജനമനസ്സുകളിൽ കൂടുതൽ ശത്രുക്കളാക്കാൻ നടത്തുന്ന പരിശ്രമങ്ങളിൽ ശക്തമായ പ്രതിഷേധവും വേദനയും പങ്കുവയ്ക്കുകയാണ്.

ഇത്തരം വാർത്തകളുടെ നിർമ്മിതിക്കെതിരായ നിലപാട് കേരള പത്രപ്രവർത്തക യൂണിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

അതോടൊപ്പം പൊതുജനസുരക്ഷക്കായി,
നാടിന്റെ കാവലാളായ് ഉണർന്ന് പ്രവർത്തിക്കുന്ന പോലീസ് സമൂഹത്തോടൊപ്പം
ഈ നാടിന്റെ പൊതു മനസ്സ് ഉണ്ടാകണമെന്ന് പൊതു സമൂഹത്തോടും വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

C.R. ബിജു
ജനറൽ സെക്രട്ടറി
KPOA

ttps://m.facebook.com/story.php?story_fbid=4042864632456624&id=100001993819408

LEAVE A REPLY

Please enter your comment!
Please enter your name here