കൊച്ചി ..ആസ്മയെന്ന് തെറ്റിധരിച്ച് യുവാവ് ചികിത്സ നടത്തിയത് 18 വര്‍ഷം. 32കാരനായ ആലുവ സ്വദേശി സൂരജാണ് വര്‍ഷങ്ങളോളം ആസ്മയ്ക്ക് ചികിത്സ തേടിയത്. എന്നാല്‍, 18 വര്‍ഷം മുന്‍പ് അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ നിബ് ആണ് തനിക്ക് ശ്വാസ തടസം സൃഷ്ടിച്ചതെന്ന് വളരെ വൈകിയാണ് സൂരജ് അറിഞ്ഞത്.ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സൂരജ് അബദ്ധത്തില്‍ പേനയുടെ നിബ് വിഴുങ്ങിയത്. പേന ഉപയോഗിച്ച് വിസില്‍ ഊതാന്‍ ശ്രമിക്കുന്നതിനിടെയാണ് നിബ് അബദ്ധത്തില്‍ ഉള്ളിലെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എക്‌സ്‌-റേയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ സൂരജിന് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടാന്‍ തുടങ്ങി. ആസ്മ കൊണ്ടുള്ള ബുദ്ധിമുട്ടാണെന്ന് കരുതിയാണ് സൂരജ് വര്‍ഷങ്ങളോളം ചികിത്സ നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സൂരജിന്റെ ശരീരത്തില്‍ ബാഹ്യ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താതെ അതിവിദഗ്ധമായാണ് ഡോക്ടര്‍മാര്‍ നിബ് പുറത്തെടുത്തത്. ഒരു ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സൂരജ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here