കൊച്ചി:ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തപ്പോൾ സോപ്പ് കിട്ടിയ യുവാവിന് നഷ്ടപ്പെട്ട തുക മുഴുവനും തിരികെ കിട്ടി. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ഇടപെടൽ മൂലമാണ് കഴിഞ്ഞ ദിവസം പണം തിരികെ അക്കൗണ്ടിലെത്തിയത്. ആലുവതോട്ടമുഖം സ്വദേശിയായ നൂറുൽ അമീൻ എന്ന് യുവാവിനാണ് പണം തിരിക്കെ ലഭിച്ചത്.

ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ആണ് തോട്ടമുഖം സ്വദേശി നൂറൽ അമീൻ ബുക്ക് ചെയ്തത്. ആമസോൺ കാർഡ് വഴി പണവും അടച്ചു. ഡലിവറി ബോയികൊണ്ടുവന്ന പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോൾ യഥാർത്ഥ ഫോൺ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം. ഡലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്.പി.യുടെ നേതൃത്വത്തിൽ സൈബർ പോലിസ് സ്റ്റേഷൻ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായി പോലിസ് ബന്ധപ്പെട്ടു. നൂറുൽ അമീറിന് ലഭിച്ച ഒർജിനൽ ഫോൺ കവറിൽ ഐ.എം.ഇ.ഐ നമ്പർ ഉണ്ടായിരുന്നു. അതിൽ നിന്നും ഈ ഫോൺ ജാർക്കണ്ടിൽ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലാണ് ഫോൺ ബുക്ക് ചെയ്തത്. എന്നാൽ ആപ്പിളിന്‍റെ സൈറ്റിൽ ഫോൺ സെപ്റ്റംബറിൽ രജസിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോൺ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയിൽ ഫോൺ സ്റ്റോക്ക് ഇല്ലാത്തതിനാൽ പണം തിരികെ നൽകാമെന്നു പോലീസിനോടു പറയുകയും കഴിഞ്ഞ ദിവസം നൂറുൽ അമീന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. സൈബർ പോലീസ് ഇൻസ്പെക്ടർ ബി. ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എം തൽഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.

കഴിഞ്ഞ മാസം പറവൂരുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്പ്ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പോലിസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണവും നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here