തൃശൂർ ജില്ലയില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍, ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം അനുവദിക്കും. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരം നടത്തുന്നതിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം. ഇതിനായി തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എന്നിവരുടെ പ്രത്യേക അനുവാദം വാങ്ങണം.

പറയെടുപ്പ്, ആറാട്ട് എന്നീ ആചാരങ്ങള്‍ നടത്തുന്നതിനായി അധികം ദൂരത്തേക്കല്ലാതെ ഒരു ആനയെ അനുവദിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് രൂക്ഷമായ അവസരത്തിലും നടത്തിയിരുന്നതും ഒഴിവാക്കാന്‍ കഴിയാത്ത ആചാരാനുഷ്ഠാനമാണെങ്കില്‍ ആയവയ്ക്കും ഇത് ബാധകമാണ്. ഇതിനും ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, എന്നിവരുടെ അനുവാദം വാങ്ങിയിരിക്കണം.

എന്നാല്‍, വരവ് പൂരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുവാന്‍ പാടുള്ളതല്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനുസരിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എന്‍ ഉഷാറാണി, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വിജയകുമാര്‍, കെ എഫ് സി സി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആന തൊഴിലാളി സംസ്ഥാന സെക്രട്ടറി പി എം സുരേഷ്, ജോയിന്റ് സെക്രട്ടറി മഹേഷ്, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍, തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here