ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് ഐ.എം.എ.മധ്യകേരള പ്രസിഡന്റ് ഡോ. എ. കെ. റഫീഖ് ജോസ് മാവേലിയെ പുരസ്‌കാരം നല്കി ആദരിക്കുന്നു. കോളജ് മാനേജര്‍ സി. ചാള്‍സ്, ഡോ. സി. എം. ഹൈദരാലി, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മിലന്‍ ഫ്രാന്‍സ് എന്നിവര്‍ സമീപം
കൊച്ചി:ദീര്‍ഘദൂര ഓട്ടത്തിലും മിന്നും പ്രകടനം കാഴ്ചവച്ച നാഷണല്‍ വെറ്ററന്‍ താരം ജോസ് മാവേലിക്ക് ആലുവയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വീകരണം നല്കി. 10 കി.മീ. പിന്നിടാന്‍ എഴുപത്തൊന്നുകാരനായ ജോസ് മാവേലിക്ക് 63 മിനിറ്റും 31 സെക്കന്റും മാത്രമേ വേണ്ടി വന്നുള്ളു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്റെയും മുത്തൂറ്റ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ട മത്സരത്തില്‍ തേവര കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് തോപ്പുംപടി പാലം വഴി തിരികെ കോളജിലെത്തിയ സമയമാണിത്. സ്പ്രിന്റ് ഇനങ്ങളായ 100 മീ., 200 മീ., 400 മീ. ഓട്ടമത്സരങ്ങളില്‍ നിരവധി തവണ ദേശീയ ആന്തര്‍ദേശീയ തലങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കിയിട്ടുള്ള ജോസ് മാവേലി ആദ്യമായാണ് ദീര്‍ഘദൂര മത്സരങ്ങളില്‍ പങ്കെടുത്തത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് ഐ.എം.എ. മധ്യകേരള, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, അന്‍വര്‍ പാലിയേറ്റീവ് കെയര്‍ എന്നിവയുടെ സഹകരണത്തോടെ സെന്റ് സേവ്യേഴ്‌സ് എന്‍. എസ്. എസ്. യൂണിറ്റാണ് അനുമോദനം സംഘടിപ്പിച്ചത്. ഐ.എം.എ. മധ്യകേരള പ്രസിഡന്റ് ഡോ. എ. കെ. റഫീഖ് ആണ് ആലുവയിലെ ആരോഗ്യപ്രവര്‍ത്തകരുടെ വകയായി മെമെന്റോ നല്കി ജോസ് മാവേലിയെ ആദരിച്ചത്. സെന്റ് സേവ്യേഴ്‌സ് കോളജ് മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, ഡോ. സി.എം. ഹൈദരാലി, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മിലന്‍ ഫ്രാന്‍സ്, പ്രൊഫ. നീനു റോസ്, ജോബി തോമസ് എന്നിവര്‍ പങ്കെടുത്തു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ദീര്‍ഘദൂര ഓട്ടത്തിലെ ഈ മിന്നും പ്രകടനത്തിനു പുറമേ അടുത്തകാലത്ത് മഹാരാഷ്ട്ര നാസിക്കിലെ മീനത്തായി താക്കറെ സ്റ്റേഡിയത്തില്‍ വച്ച് നടന്ന നാഷണല്‍ വെറ്ററന്‍സ് സ്‌പോട്‌സ് ആന്റ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ 4 മെഡലുകള്‍, ബഡ്‌ലപ്പൂര്‍ തലുങ്ക ക്രിടശങ്കല്‍ സ്റ്റേഡിയത്തില്‍ വച്ച് മാക്‌സിഫിറ്റ് ഇന്‍ഡ്യ സംഘടിപ്പിച്ച നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 3 മെഡലുകള്‍, ആലുവ നഗരസഭ സെന്റിനറി ഷട്ടില്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ ലഭിച്ച ഒന്നാംസ്ഥാനം എന്നിവയുടെയും അടിസ്ഥാനത്തിലാണ് ജോസ് മാവേലിയെ ആദരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here