കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺകുമാറിനെതിരേ ചുമത്തിയിട്ടുള്ളത്.

കേസിൽ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. 120 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജരാക്കുകയും ചെയ്തു.

507 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയാറാക്കിയ കുറ്റപത്രത്തിൽ വിസ്മയയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാർ മാത്രമാണ് പ്രതി. കഴിഞ്ഞ ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി

LEAVE A REPLY

Please enter your comment!
Please enter your name here