ആലുവ: വായ്പാ സ്ഥാപനവുമായി ചേർന്ന്  5.36 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ   കെ.എസ്.എഫ്.ഇ ആലുവ ഗവ. ആശുപത്രി കവല ബ്രാഞ്ചിലെ മുൻജീവനക്കാരിക്ക് സസ്പെൻഷൻ. തട്ടിപ്പിന് സഹായം നൽകിയ വായ്പാ സ്ഥാപന ഉടമയായ ഏജന്റ് ഒളിവിൽ. 

നിലവിൽ ചെറായി ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുന്ന കീഴ്മാട് അന്ധവിദ്യാലയത്തിന് സമീപം താമസിക്കുന്ന ആമിന മീതിൻകുഞ്ഞ് (58) ആണ് സസ്പെൻഷനിലായത്. ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഇവരെ ആലുവ ബ്രാഞ്ചിൽ നിന്ന് കുറച്ചു നാൾ മുമ്പ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.  ആലുവ പറവൂർ കവലയിൽ മുരളി കെ. അസോസിയേറ്റ്സ് എന്ന പേരിൽ സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കൊടകര സ്വദേശി മുരളിയാണ് ഒത്താശ നടത്തിയതെന്നാണ് കെ എസ് എഫ് ഇ യുടെ റിപ്പോർട്ട്.
സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിലായി. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പണം ആവശ്യമുള്ളവർക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ വായ്പ ലഭിക്കാൻ സഹായിക്കുന്ന നൽകുന്ന സ്ഥാപനമാണ് മുരളി കെ. അസോസിയേറ്റ്സ്. ഈ സ്ഥാപനത്തിന് കെ.എസ്.എഫ്.ഇ ചിട്ടി ഏജൻസിയും കൈകാര്യം ചെയ്യുന്നുണ്ട്.
ആലുവ സീനത്ത് കവല സ്വദേശി, എടയപ്പുറം, ആലങ്ങാട് സ്വദേശികൾ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഇ നടത്തിയ അന്വേഷണത്തിലാണ് 5.36 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ആലുവ പോലീസ് സ്റ്റേഷനിലും ഈ തട്ടിപ്പു സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ചെറിയ തുക വായ്പയായി വേണ്ടവരെയാണ് ഈ സംഘം തട്ടിപ്പിനിരയാക്കുന്നത്.  ആവശ്യക്കാരനിൽ നിന്നും ആധാരം കൈക്കലാക്കിയ ശേഷം ഉടമയറിയാതെ വലിയ തുകയുടെ ചിട്ടിയിൽ ചേരുന്നവരുടെ ഈടായി കെ.എസ്.എഫ്.ഇയിൽ ഉപയോഗിക്കും. 
ചിറ്റാളന്മാരുമായി ചേർന്നാണ്  യാതൊരു പരിചയവുമില്ലാത്തവരുടെ ആധാരം ചിട്ടിയിൽ ഉപയോഗിക്കുന്നത്. ചിട്ടി പെട്ടെന്ന് വിളിച്ചെടുത്തവരിൽ ചിലർ  പണം തിരിച്ചടക്കാതിരുന്നതോടെ  കെ.എസ്.എഫ്.ഇ  നി റവന്യൂ റിക്കവറി നോട്ടീസ് അയച്ചു തുടങ്ങി. 
കെ എസ് എഫ് ഇ ഇടപാടുകൾ നടത്താത്തവർ ബ്രാഞ്ചിലെത്തി വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പിൻെറ ചുരുളഴിഞ്ഞത്. ഇതു വരെ  3.40 കോടി രൂപയുടെ റവന്യൂ റിക്കവറിക്കുള്ള നോട്ടീസ് അയച്ചു കഴിഞ്ഞു.
 പറവൂർ കെ.എസ്.എഫ്.ഇ ബ്രാഞ്ചിന് കീഴിൽ ഏജന്റായി പ്രവർത്തിക്കവെ തട്ടിപ്പ് നടത്തി  പുറത്താക്കപ്പെട്ടയാളാണ് മുരളി. പിന്നീട്  സ്വാധീനത്തിലൂടെ വീണ്ടും ആലുവയിൽ ഏജൻസിയെടുക്കുകയായിരുന്നു. നേരത്തെ ആലുവ ബ്രാഞ്ചിൽ നിന്നും വിരമിച്ച ആലുവ സ്വദേശിനിയായ മറ്റൊരു ജീവനക്കാരിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചതെന്ന് പറയുന്നു.
* *
തട്ടിപ്പിനിരയായ  200ൽ   ഭൂരിഭാഗം പേരും നിർധനർ 
ആലുവ: തട്ടിപ്പിനിരയായ  200 ഓളം പേരിൽ ഭൂരിഭാഗം പേരും നിർധനരാണെന്ന് കെ എസ് എഫ് ഇ യുടെ പ്രത്യേക അന്വേഷണ സമിതി കണ്ടെത്തി. 
കഴിഞ്ഞ നാല് വർഷത്തെ ഇടപാടുകളിലൂടെയാണ് ക്യാഷറായിരുന്ന ആമിനയുടെ നേതൃത്വത്തിൽ  ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്.
 സ്വന്തം ആധാരം പണയത്തിലാണെന്ന കാര്യം പലർക്കുമറിയില്ല. കഴിഞ്ഞ നാല് വർഷത്തെ ഇടപാടുകളിലൂടെയാണ് ആമിന ഇത്രയും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത്.വർഷവസാനം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ്   ആമീനയുടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
 ചെറിയ തുക ലോണായി നൽകാമെന്ന വാഗ്ദാനത്തിൽ രേഖകൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. നിരവധി ഫോമുകളിൽ ഒപ്പിടുവിക്കുന്നതിനാൽ എന്തിനാണെന്ന് പലരും വായിച്ചു നോക്കിയിരുന്നില്ല. അതാണ് ഇവരെ കെണിയിൽ ചാടിച്ചത്. 
വർഷാവർഷം നടക്കുന്ന ഓഡിറ്റിംഗിൽ  അനുവദിച്ച തുക തിരികെ അടയ്ക്കാതെ വന്നത് കണ്ടെത്താറുണ്ടായിരുന്നെങ്കിലും അത് ഗൗരവത്തിൽ എടുത്തില്ലെന്ന് ആരോപണമുണ്ട്. കോടിക്കണക്കിന് രൂപയുടെ തിരിച്ചടവ് മറച്ചുവയ്ക്കാൻ കെ എസ് എഫ് ഇ ബ്രാഞ്ചിൽ തന്നെ  ശ്രമം നടന്നിട്ടുണ്ടെന്നും സംശയമുണ്ട്. ഇന്നലെ ചുമതലയേറ്റ ആലുവ സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിനാണ് അന്വേഷണ ചുമതല


LEAVE A REPLY

Please enter your comment!
Please enter your name here