കോവിഡ് നിയമലംഘനങ്ങൾ   കർശന പരിശോധന നടത്തും : മന്ത്രി വി. എസ് സുനിൽകുമാർ

എറണാകുളം : ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു. മാസ്ക് ധരിക്കാത്ത ആളുകൾക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും.

ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകൾ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോൺ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങൾ മറച്ചു വെക്കരുത്.

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മാർക്കറ്റുകളിൽ അണു നശീകരണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ മാർക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

എറണാകുളം മാർക്കറ്റിൽ 26പേരുടെ കോവിഡ് പരിശോധന മുൻപ് നടത്തിയിരുന്നു. ഇന്ന് 40 പേരുടെ സാമ്പിൾ ശേഖരിക്കും.

ജില്ലയിലെ കോവിഡ് കെയർ സെന്ററുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തി നടത്തണമെന്ന് മന്ത്രി നിർദേശം നൽകി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിരീക്ഷണ സംവിധാനം ഏർപ്പടുത്തണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താമസ സൗകര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. ഇന്സ്റ്റിട്യൂഷൻ ക്വാറന്റൈൻ ഒരുക്കാൻ സാമ്പത്തിക സഹായം ആവശ്യമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ അനുസരിച്ചു ജില്ലാ ഭരണ കൂടം സാമ്പത്തിക സഹായം നൽകും. കോൺടൈൻമെൻറ് സോണുകളിൽ ബാങ്കുകൾ ഉൾപ്പടെ അടച്ചിടാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, എസ്. പി കെ കാർത്തിക്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here