ആലുവ മാർക്കറ്റ് അടച്ചിടുമെന്ന് നഗരസഭ

0
43
aluv market 2020 july
aluva ,market

ആലുവ:കൊവിഡ് സാമൂഹ്യവ്യാപന സാഹചര്യത്തിൽ ആലുവ ജനറൽ മാർക്കറ്റിൽ സർക്കാർ മാനദണ്ധങ്ങൾ പാലിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടുമെന്ന് കച്ചവടക്കാർക്ക് നഗരസഭയുടെ മുന്നറിയിപ്പ്. അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.

ഒരു മാസം മുമ്പ് മന്ത്രി സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനങ്ങൾ കച്ചവടക്കാർ ലംഘിച്ചതിനെത്തുടർന്നാണ് ഇന്നലെ വീണ്ടും യോഗം നടന്നത്. മാർക്കറ്റിലെത്തുന്ന എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. അല്ലാത്തവർക്കെതിരെ കേരള പകർച്ചവ്യാധി വ്യാപന നിരോധന നിയമമനുസരിച്ച് കേസ്സെടുക്കും. വൺ വേ സമ്പ്രദായം കർശനമാക്കും. മൊത്തകച്ചവടക്കാർക്ക് വരുന്ന വാഹനങ്ങൾ രാവിലെ 6 മണിക്ക് മുമ്പ് ലോഡ് ഇറക്കി മാർക്കറ്റിൽ നിന്നും പുറത്ത് പോകണം. ഡ്രൈവർ ഉൾപ്പെടെയുള്ളവർ ഒരുകാരണവശാലും വാഹനത്തിൽ നിന്നും പുറത്തിറങ്ങരുത്. ഗുഡ്‌സ് വാഹനങ്ങൾ ഒഴികെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മാർക്കറ്റിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഒരു സമയത്ത് ഒരു കടക്ക് മുമ്പിൽ നിശ്ചിത സമയത്തിൽ കൂടുതൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. മാർക്കറ്റിൽ വാഹനം പ്രവേശിച്ച സമയം രേഖപ്പെടുത്തി ടോക്കൺ നൽകും. ലംഘിക്കുന്നവർക്ക് പിഴയും ഈടാക്കും.
തീരുമാനങ്ങൾ നാളെ മുതൽ കർശനമായി നടപ്പാക്കും. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കാതെ തന്നെ മാർക്കറ്റ് അടച്ച് പൂട്ടുവാനും തീരുമാനമെടുത്തു. അൻവർ സാദത്ത് എം.എൽ.എ, ചെയർപേഴ്‌സൻ ലിസി എബ്രഹാം, സെക്രട്ടറി ടോബി തോമസ്, ആലുവ സിഐ എൻ. സുരേഷ്‌കുമാർ, താലൂക്ക് ഓഫീസ്, ആർടിഒ പ്രതിനിധികൾ, ആലുവ മർച്ചന്റ് അസ്സോസ്സിയേഷൻ പ്രസിഡന്റ് നസീർബാബു, സെക്രട്ടറി റിയാസ് ജബ്ബാർ, ജോണി മൂത്തേടൻ, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.വി എൽദോസ്, കെ.കെ. നാദിർഷ, കെ.എം. അബ്ദുൾ റഹിമാൻ എന്നിവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here