കോഴിക്കോട്: ഐ.ടി. സെക്രട്ടറി സ്ഥാനത്ത് നിന്നു ശിവശങ്കറെ ഒഴിവാക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായുള്ള ബന്ധം പുറത്ത് വരുന്നത് കൊണ്ടാണോയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ആൾ ഐ.ടി. സ്ഥാനത്ത് തുടരുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ വ്യക്തി താൽപ്പര്യത്തിന്റെ ഭാഗമായാണ്. സോളാർകാലത്ത് തനിക്ക് സരിതയുമായി ഒരു ബന്ധവുമില്ലെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞ് കൊണ്ടിരുന്നത്. ഇതിന്റെ തനിയാവർത്തനമാണ് പിണറായി വിജയനും നടത്തുന്നതെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാൽ 2017 മുതൽക്ക് തന്നെ മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ട്. പല പരിപാടികളിലും അവർ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.അതിന്റെ പല ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്ത് തനിക്ക് സരിതയുമായി ബന്ധമില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടിയുടെ അതേ മെയ് വഴക്കത്തിലാണ് ഇപ്പോൾ പിണറായി വിജയനും പറഞ്ഞ് കൊണ്ടിരിക്കുന്നത്.”

“2017 സെപ്തംബർ 24 ന് ഷാർജ ഷെയ്ക്കിന് കേരളം ആദരവ് നൽകിയപ്പോൾ ആ പരിപാടിയുടെ നടത്തിപ്പ് കാരിയുടെ ചുമതലയിൽ ആരോപണ വിധേയായ സ്ത്രീ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ നിന്ന് സംസാരിക്കാനുള്ള അനുവാദം ഉള്ള സ്ത്രീയായിരുന്നു ഇവർ. അഞ്ച് ദിവസത്തെ പരിപാടിയിലും ആ സ്വപ്ന സാന്നിധ്യം ഉണ്ടായിരുന്നു.” മുഖ്യമന്ത്രിയുടെ ചെവിയിൽ വന്ന് കാര്യങ്ങൾ പറയുന്ന ചിത്രം ഇപ്പോൾ തന്നെ പുറത്ത് വന്നിട്ടുണ്ടെന്നും സുരേന്ദൻ പറഞ്ഞു.

“ലോക കേരളസഭയിലും സ്വപ്ന സുരേഷിന്റെ സന്നിധ്യമുണ്ടായിരുന്നു. ഇതിന് കാരണം സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധവും സൗഹൃദവുമാണ്. സ്വപ്നയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്. എല്ലാത്തിലും സ്വപ്ന കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പല പ്രമുഖർക്കും സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളുമായുമെല്ലാം ഇവർക്ക് നല്ല ബന്ധമുണ്ട്. അപ്പോൾ മുഖ്യമന്ത്രിക്ക് ഇവരെ അറിയില്ലേ. ഇതെല്ലാം താൻ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.” അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും അപ്പോൾ മറുപടി പറയാമെന്നും സുരേന്ദ്രൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here