കൊച്ചി: കോവിഡ് 19-നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൂരദര്‍ശനിലൂടെ കേരള മീഡിയ അക്കാഡമി അര്‍പ്പിക്കുന്ന പ്രണാമം പരിപാടിയിലെ സന്ദേശത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളെയും സര്‍ക്കാരുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം വ്യാജവാര്‍ത്തകള്‍ തുറന്നുകാട്ടുകയും ചെയ്യുന്നു. ഈവിധം ഇരട്ടദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്.
മണ്മറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ അനുകരണീയമായ കര്‍മോത്സുകതയും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും മറക്കാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി ഓര്‍മിപ്പിച്ചു. കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ പ്രാണന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും സഹപ്രവര്‍ത്തകരെയും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു.