തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സസ്പെൻഷൻ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെയാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായുള്ള സൂചനയും മുഖ്യമന്ത്രി നൽകി. റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും ഇവ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.