തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിലുളളവർക്ക് കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. ആദ്യ ദിവസം തന്നെ വലിയ ആവേശമാണ് ഈ വിഭാഗത്തിൽ നിന്നുണ്ടായത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളിൽ പ്രായമുള്ള 52,097 പേർക്കാണ് വാക്സിൻ നൽകിയത്. 791 സർക്കാർ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,152 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.

വാക്‌സിനേഷൻ പ്രക്രിയയുടെ മൂന്നാം ഘട്ടമാണ് കേന്ദ്രസർക്കാർ ഇ്ന്ന് മുതൽ ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സിനാണ് ആകെ നൽകിയത്. അതിൽ 32,21,294 പേർക്ക് ആദ്യഡോസ് വാക്സിനും 4,10,078 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഇതിൽ 34,89,742 പേർക്ക് കോവിഷീൽഡ് വാക്സിനും 1,41,630 പേർക്ക് കോവാക്സിനുമാണ് നൽകിയത്.

45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കാൻ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.

സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീൽഡ് വാക്സിനുകൾ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 5,11,000 ഡോസ് വാക്സിനുകളുമാണ് എത്തിയത്. രമാവധി ആളുകൾക്ക് വാക്സിൻ നൽകുന്നതിനായി വരും ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here