കോട്ടയം : കറുകച്ചാലിലെ ബസ് ജീവനക്കാരനായ രാഹുലിന്റെ മരണം കൊലപാതകം. സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ തകരാർ പരിഹരിക്കാൻ വാഹനത്തിനടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ  കുടുങ്ങുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുലിന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കണ്ടക്ടർമാരും സഹപ്രവർത്തകരുമായ വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. രാഹുൽ കൊല്ലപ്പെടുന്നതിന്റെ അന്ന് വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് രാഹുലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കാറിനടിയിൽ കൊണ്ടിട്ടു.

രാഹുലിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത് എത്തിയത്. കൊല്ലപ്പെടുന്നതിന് തലേന്ന് വിവാഹ സത്കാരത്തിനായി പോയ രാഹുലിനെ ഭാര്യ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതിന്റെ ശബ്ദം കേട്ടതായി ഭാര്യ പറഞ്ഞു. പിന്നീട് പലതവണയായി വിളിച്ചെങ്കിലും എടുത്തില്ലെന്നും ഭാര്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here