തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ കെ.എസ്.ഐ.എൻ.സി. മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകയോടെ വാട്സ്ആപ്പിൽ അപമര്യാദയായി പ്രതികരിച്ച സംഭവത്തിലാണ് അന്വേഷണം. പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രശാന്ത് പരിഹാസ രൂപേണ വാട്സാപ്പ് സ്റ്റിക്കറുകൾ മാത്രമയച്ചാണ് മറുപടി നൽകിയത്. അപമര്യാദയായി അയച്ച സന്ദേശങ്ങളെ പറ്റി പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വാർത്ത ചോർത്തിയെടുക്കാനുള്ള വേല വേണ്ടെന്നായിരുന്നു കളക്ടർ ബ്രോയുടെ മറുപടി.

ചാറ്റ് വിവാദമായപ്പോൾ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു ശ്രമമെന്നും വിശദീകരിച്ചുള്ളതാണ് അവരുടെ പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here