ന്യൂയോർക്ക് : ലോകം മുഴുവൻ കനത്ത നാശം വിതച്ച കൊറോണ വൈറസിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഗവേഷകൻ. അല്ലെങ്കിൽ ലോകം ഇനിയും വലിയ ദുരന്തങ്ങൾ നേരിടേണ്ടിവരുമെന്ന് വാക്‌സിൻ ഗവേഷകനായ ഡോ. പീറ്റർ ഹോട്ടെസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഉറവിടം കണ്ടെത്തേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിയത്.

കോവിഡ്-26, കോവിഡ് 32 എന്നീ വൈറസുകളാണ് ഇനി ലോകത്ത് വ്യപിക്കാൻ ഇരിക്കുന്നത്. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തിയാൽ ഇത് തടയാനാകും. അന്വേഷണത്തിനായി ഹുബൈ പ്രവിശ്യയിൽ നിന്നുള്ള ഗവേഷകർ, പകർച്ചവ്യാധി വിദഗ്ധർ, വൈറോളജിസ്റ്റ്, ബാറ്റ് ഇക്കളോജിസ്റ്റ് എന്നിവരുടെ സംഘത്തെ ആവശ്യമാണ്. കൊറോണയുടെ ഉറവിടം കണ്ടെത്താൻ ചൈനയുടെ സഹകരണം ഉണ്ടായേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

90 ദിവസത്തിനുള്ളിൽ ഉറവിടം കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. കൃത്യമായി ഒരു ഉത്തരം നൽകാൻ കഴിയില്ല. വുഹാനിലെ വൈറോളജി ലാബാണ് കൊറോണയുടെ പ്രഭവ കേന്ദ്രമെന്നാണ് പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കാൻ ചൈന തെളിവുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടെസിന്റെ പ്രതികരണം. നേരത്തെ കൊറോണ പ്രതിരോധത്തിനായി ഇന്ത്യ ആരംഭിച്ച വാക്‌സിനേഷൻ പ്രക്രിയയെ പ്രകീർത്തിച്ച് ഹോട്ടെസ് രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here