തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത് തനിക്ക് ഷോക്കായിരുന്നെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ തങ്ങൾക്കിടയിലെ മഞ്ഞുരുകി. ഇപ്പോൾ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ബന്ധം കൂടുതൽ ശക്തമായെന്നും തിരുവനന്തപുരത്തെ വീട്ടിൽ ചെറിയാൻ ഫിലിപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആന്റണി പറഞ്ഞു. ചെറിയാൻ ഫിലിപ്പ് 20 വർഷം വിട്ടുനിന്നുവെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും അംഗത്വം എടുത്തിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാർട്ടി അംഗത്വമെടുത്തിട്ടില്ല. കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ട സാഹചര്യത്തിൽ ചെറിയാന്റെ മടങ്ങിവരവ് പാർട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വരുന്നതിൽ പാർട്ടിയിലെ എല്ലാവരും സന്തോഷിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കോൺഗ്രസിലാണ് ഉള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി. ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നൽകുന്നകാര്യം തീരുമാനിച്ചിട്ടില്ല. ചെറിയാന്റെ മടങ്ങിവരവ് ആരുമായും താരതമ്യം ചെയ്യുന്നില്ല. ചെറിയാൻഫിലിപ്പിന് പാർട്ടിയിൽ എങ്ങനെയുള്ള പരിഗണനനൽകണം എന്നകാര്യം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here