കൊച്ചി: ആലുവപെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന, 80 ശതമാനത്തോളം നഗരവാസികളുള്ള ഗ്രാമപഞ്ചായത്താണ് ചൂര്‍ണ്ണിക്കര. കൊച്ചി മെട്രോ കടന്നുപോകുന്ന ഏക പഞ്ചായത്ത് എന്ന നേട്ടവും ചൂര്‍ണ്ണിക്കരയ്ക്ക് സ്വന്തം. ഒട്ടേറെ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്തായിരുന്നു ചൂര്‍ണ്ണിക്കരയെന്നും കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നഷ്ടപ്പെട്ട കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തണമെന്നും പറയുകയാണ് ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്.

ആദ്യപടി

ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിന് കെട്ടിടം ഉണ്ടായിരുന്നില്ല. ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം ആദ്യം ചെയ്തത് താലൂക്കില്‍ നിന്ന് വില്ലേജ് ഓഫീസിനെ പഞ്ചായത്തിലേക്ക് മാറ്റുക എന്നതായിരുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെ പഞ്ചായത്ത് കെട്ടിടത്തില്‍ വില്ലേജ് ഓഫീസ് ആരംഭിക്കാനായത് ഏറെ അഭിമാനകരവും ജനോപകാരപ്രദവുമായെന്ന് പ്രസിഡന്റ് പറയുന്നു.

കോവിഡ് പ്രതിരോധം കൂട്ടായ്മയോടെ

കളമശേരി എസ്.സി.എം.എസ് കോളേജില്‍ സി.എഫ്.എല്‍.ടി.സി ആരംഭിച്ചിരുന്നു. എണ്ണൂറിനടുത്ത് ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. 48 ലക്ഷം രൂപയാണ് സെന്ററിനായി വിനിയോഗിച്ചത്. രണ്ടാംഘട്ടത്തില്‍ ഒരു ദിവസം 600 പേര്‍ വരെ പോസിറ്റീവായ സാഹചര്യത്തില്‍ ഡി.സി.സിയും ആരംഭിച്ചു. സര്‍ക്കാര്‍ സഹായം ലഭിച്ചെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടര്‍ന്ന് ദുരിതാശ്വാസ നിധി രൂപീകരിക്കുകയും, പിന്നീട് ഇതില്‍ നിന്നുള്ള ഫണ്ട് സമാഹരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. വാക്‌സിനേഷന്‍ ആയിരുന്നു മറ്റൊരു വെല്ലുവിളി. ഡോക്ടര്‍മാരുടെ അഭാവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ അനുവാദത്തോടെ പഞ്ചായത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി.

എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ ആദ്യ സ്വകാര്യ വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചതും ചൂര്‍ണ്ണിക്കര പഞ്ചായത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ഏറെ ഉയര്‍ന്ന സാഹചര്യത്തില്‍ വൈ.എം.സി.എയുടെ സഹകരണത്തോടെ ടെസ്റ്റ് നടത്തി. ആദ്യഘട്ടത്തില്‍ മാത്രം അറുപതിനായിരം രൂപ ടെസ്റ്റിനായി ചെലവായെങ്കിലും സംഘടനയാണ് മുഴുവന്‍ ചെലവും വഹിച്ചത്.

കാര്‍ഷിക മേഖലയ്ക്കായി

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 80 ശതമാനത്തോളം ആളുകളും നഗരത്തിലാണ് താമസിക്കുന്നത്. അതിനാല്‍ ഒരു നഗരവല്‍കൃത പഞ്ചായത്തെന്ന നിലയില്‍ കാര്‍ഷികമേഖലയില്‍ ശക്തമായ ഇടപെടല്‍ ആവശ്യമായി വന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി കൃഷി ഇറക്കിയത്. പിന്നീട് തരിശായി കിടന്ന 150 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്തിനെ രണ്ടായി ഭാഗിക്കുന്ന രീതിയില്‍ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വന്നതിനാല്‍ പലരും കൃഷിയില്‍ നിന്ന് പിന്മാറി. എന്നാല്‍ 50 ഏക്കറിന്റെ ഭൂവുടമകള്‍ നിശ്ചയദാര്‍ഢ്യത്തോടെ കൂടെ നിന്നു. വിജയകരമായി കൃഷിയുടെ വിളവെടുപ്പും പൂര്‍ത്തിയായി. സുഭിക്ഷ കേരളം പദ്ധതിയിലൂടെയും കൃഷിഭവനിലൂടെയും വിത്തുകള്‍, തൈകള്‍, ഗ്രോബാഗുകള്‍ എന്നിവ വിതരണം ചെയ്തു. കാര്‍ഷിക മേഖലയിലേക്ക് കരുതിവച്ചിരുന്ന തുകയുടെ 80 ശതമാനവും ചെലവാക്കാനായി. മത്സ്യകൃഷിക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ബയോ ഫോളിക്, പടുതാകുളം തുടങ്ങിയവയ്ക്കായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പദ്ധതികള്‍ നൂറുശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

പശ്ചാത്തല മേഖല

1.40 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല മേഖലയില്‍ പൂര്‍ത്തിയായി. പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്‌നം വെള്ളക്കെട്ടാണ്. പ്രളയത്തില്‍ 60 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഐനാവ് പ്രദേശത്തെ മൂന്ന് വാര്‍ഡുകളില്‍ കഴിഞ്ഞ 35 വര്‍ഷമായി വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പ്രശ്‌നപരിഹാരത്തിനായി 20 ലക്ഷം രൂപയുടെ പദ്ധതി രൂപീകരിച്ചു. ദേശീയപാതയുടെ അടിയിലൂടെ പോകുന്ന കാന വൃത്തിയാക്കാനുള്ള ജോലികള്‍ക്കായി കരാര്‍ കൊടുത്തു.

എടമുള പുഴയ്ക്ക് ആശ്വാസം

പ്രളയത്തിന് ശേഷം എക്കല്‍ അടിഞ്ഞതിനാല്‍ എടമുളപ്പുഴയുടെ തീരത്ത് താമസിക്കുന്ന വീടുകളില്‍ ചെറിയമഴയില്‍ പോലും വെള്ളക്കെട്ട് പതിവായിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ 4.9 ലക്ഷം രൂപ ചെലവില്‍ എക്കല്‍വാരി ബണ്ട് നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കുടുംബശ്രീ സ്വയംതൊഴിലിന് പ്രാധാന്യം

കുടുംബശ്രീ വഴി പ്രധാനമായും സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി 10 ശതമാനം വിഹിതം വനിതാഘടക പദ്ധതിയില്‍ മാറ്റിവയ്ക്കാനും സബ്‌സിഡി കൊടുക്കാനും സാധിച്ചു. പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും കൂട്ടായ പ്രവര്‍ത്തനം ഏറെ പ്രയോജനകരമാണ്. മേഘാലയയില്‍ നിന്നുള്ള 25 പേരടങ്ങുന്ന സംഘം ചൂര്‍ണ്ണിക്കര പഞ്ചായത്ത് സന്ദര്‍ശിക്കുകയും കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ചും പഞ്ചായത്തിലെ ജീവിത സാഹചര്യങ്ങളെപറ്റി മനസിലാക്കുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍ക്കായി മരത്തണല്‍ എന്ന പേരില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു.

ലൈഫ് മിഷന്‍

ഭൂരഹിത ഭവനരഹിതര്‍ക്കായി പഞ്ചായത്ത് സ്വന്തമായി ഭവന നിര്‍മാണ പദ്ധതി ആരംഭിച്ചു. ചൂര്‍ണി ഭവനം എന്നാണ് പദ്ധതിയുടെ പേര്. പഞ്ചായത്തിന് 10 സെന്റ് സ്ഥലം ഒരു വ്യക്തി സൗജന്യമായി നല്‍കി. എട്ട് വീടുകളാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുന്നത്. ആദ്യ വീട് പഞ്ചായത്ത് തനതുഫണ്ടില്‍ നിന്നും മറ്റുള്ളവ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തും. ലൈഫ് മിഷനിലുള്ള ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭൂമി ലഭിക്കുന്നതിനായി റവന്യൂ പുറമ്പോക്കിലുള്ള ഭൂമി കണ്ടെത്തി ഭവന സമുച്ചയം പണികഴിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നല്‍കി.

പട്ടികജാതി വിഭാഗത്തിന്

കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം, ഫര്‍ണിച്ചര്‍ വിതരണം, ലാപ്‌ടോപ്പ് എന്നിവ നല്‍കുന്നുണ്ട്. സാധാരണക്കാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് ഐ.ഇ.എല്‍.ടി.എസ് പോലുള്ള മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കും. എസ്.സി കോളനി നവീകരണം നടക്കുന്നുണ്ട്. ബി.പി.സി.എല്‍ കമ്പനിയില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് തെരുവുവിളക്ക് സ്ഥാപിച്ചു. അങ്കണവാടികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൗമാരക്കാരായ കുട്ടികള്‍ക്കുള്ള വര്‍ണക്കൂട് എന്ന പദ്ധതിയിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ ബോധവത്ക്കരണം നടത്തിവരുന്നു. പഞ്ചായത്തുതല ജാഗ്രതാ സമിതികളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വേറിട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളുമായി വികസനം ലക്ഷ്യമാക്കി നീങ്ങുകയാണ് ചൂര്‍ണ്ണിക്കര പഞ്ചായത്ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here