ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് സ്പെയിൻ. ഗ്രൂപ്പ് ഇ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി. ഖത്തറിൽ ലക്ഷ്യം കിരീടം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സ്പെയിനിന്റേത്.

അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ തുടങ്ങിയതു മുതൽ സ്പെയിനിന്റെ സർവാധിപത്യം. കോസ്റ്റാറിക്ക താരങ്ങൾക്ക് പന്തിൽ തൊടാൻ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് സ്പെയിൻ ഷോട്ടുകൾ ഉതിർത്തു. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായി ആദ്യ ഗോൾ പിറന്നു. പതിനൊന്നാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ മുന്നിൽ. ലോകപ്പിൽ സ്പെയിനിന്റെ 100–ാം ഗോൾ.

10 മിനിറ്റ് തികയും മുമ്പ് രണ്ടാമത്തെ ഗോൾ, ഇത്തവണ മാർക്കോ അസെൻസിയോ(21′) കോസ്റ്റാറിക്ക വലകുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോളാക്കി മാറ്റിയതോടെ സ്പെയിൻ ലീഡ് 3 ആയി. കോസ്റ്ററിക്കൻ ബോക്സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിനാണ് സ്പെയിന് അനുകൂലമായ പെനൽറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി സ്പെയിന് 3 ഗോൾ ലീഡ്. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ തന്നെ 3 ഗോൾ പിറക്കുന്നത്.

ആദ്യപകുതി നിർത്തിയെടുത്ത് നിന്ന് തന്നെ സ്പെയിൻ രണ്ടാം പകുതിയും ആരംഭിച്ചു. മത്സരം തുടങ്ങി ഏതാനും മിനിറ്റിനകം ടോറസ് തൻറെ രണ്ടാം ഗോൾ കണ്ടെത്തി. 54 ആം മിനിറ്റിൽ ലീഡ് 4 ആയി വർധിച്ചു. തോൽവി ഉറപ്പിച്ച കോസ്റ്ററിക്കയുടെ ഞെട്ടൽ മാറും മുമ്പ് പാബ്ലോ ഗവിയിലൂടെ വീണ്ടും സ്പെയിൻ ലീഡ് എടുത്തു. 74 ആം മിനിറ്റിലായിരുന്നു ഗോൾ.

ഗോളടി പരിശീലനം നടത്തുകയാണോ സ്പെയിൻ എന്ന് സംശയിച്ച് തുടങ്ങിയപ്പോഴേക്കും അടുത്ത ഗോൾ എത്തി. 90 മിനിറ്റിൽ കാർലോസ് സോളർ ലീഡ് വീണ്ടും ഉയർത്തി. അധിക സമയത്തിൻ്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോൾ കൂടി, കോസ്റ്റാറിക്കൻ തോൽവി സമ്പൂർണം. അതേസമയം, സ്പെയിൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല

LEAVE A REPLY

Please enter your comment!
Please enter your name here