കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ പ്രതിക്ക് കഠിന തടവ്

0
36

കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസില്‍ കാസര്‍ഗോഡ് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറിനെ(28) ഏഴ് വര്‍ഷം കഠിന തടവിനും 50,000 പിഴയടക്കാനും ശിക്ഷിച്ചു. കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അഡീ. ജില്ലാ സെഷന്‍സ് ജഡ്ജ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2012ല്‍ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് വിദ്യാര്‍ത്ഥിനിയായിരുന്ന 17 കാരിയെ പീഡിപ്പിച്ച കേസിലാണ് അഷ്‌ക്കറിനെ കോടതി കഠിന തടവിന് ശിക്ഷിച്ചത്. 2013ലാണ് അഷ്‌ക്കറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. പതിമൂന്നോളം പെണ്‍കുട്ടികളെ അഷ്‌ക്കര്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നിരുന്നുവെങ്കിലും അഞ്ചു കേസുകളാണ് ആദ്യം പോലീസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികളൊന്നും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് സ്വമേധയായാണ് അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന കെ വി വേണുഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ പോലീസ് കള്ളക്കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കാണിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വാദി വിഭാഗത്തില്‍പെട്ടവര്‍ മൊഴി മാറ്റിയതിനാല്‍ നാലു കേസുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്.പി സ്വാധീനിച്ച് കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശക്തമായ നീക്കമുണ്ടായിരുന്നുവെങ്കിലും ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുകയും കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു കേസ് മാത്രം നിലനില്‍ക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഈ കേസില്‍ ഹൊസ്ദുര്‍ഗ് സി ഐയുടെ അന്വേഷണം സുതാര്യമല്ലെന്ന് കാണിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം കോടതി ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്.പി കെ.വി രഘുരാമനെ ഏല്‍പിച്ചിരുന്നു. അദ്ദേഹം നടത്തിയ തുടര്‍അന്വേഷണത്തിനൊടുവിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ഇപ്പോള്‍ ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയ ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ ആ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് അമ്പലത്തറ ടൗണില്‍ അഷ്‌ക്കര്‍ പോസ്റ്റര്‍ പതിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായിരുന്ന അഷ്‌ക്കര്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപവുമാണ് ട്യൂഷന്‍ സെന്റര്‍ നടത്തിവന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here