ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാട്ടിലും കുടിക്കാന്‍ വെള്ളമില്ല

0
11

ചങ്ങനാശേരി: പ്രളയത്തില്‍ മുങ്ങിയ ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിക്കുവാന്‍ വെള്ളമില്ല. വെള്ളം ഉയര്‍ന്നതിനെതുടര്‍ന്ന് കിണറുകളെല്ലാം മലിനമായതാണ് കാരണം. വീടുകള്‍ക്കു ചുറ്റും മാലിന്യം നിറഞ്ഞ പ്രളയജലം ഇപ്പോഴുമുണ്ട്. ഒഴുകിയെത്തിയ ചെളിവെള്ളവും ചത്തടിഞ്ഞ ജീവികളുമൊക്കെ ഇവിടുത്തെ ജലസ്രോതസുകളെല്ലാം മലിനമാക്കിയിരിക്കുകയാണ്.
ക്യാമ്പുകളില്‍ നിന്നും തിരികെ വീടുകളിലെത്തിയവരുടെ അവസ്ഥ പരിതാപകരമാണ്. കുടിവെള്ളം കിട്ടാതെ വലിയ കന്നാസുകളിലും ജാറുകളിലുമായി വെള്ളം കൊണ്ടുവന്നാലും ഒന്നിനും തികയുന്നില്ലായെന്നുള്ള പരാതിയാണുള്ളത്. എന്നാല്‍ ആയിരക്കണക്കിന് വരുന്ന കുട്ടനാടന്‍ ജനത കുട്ടനാട്ടിലെ ഓരോ ഗ്രാമത്തിലും കുടിക്കാനും കുളിക്കാനും പാത്രം കഴുകാനും ശുദ്ധജലമില്ലാതെ വലയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ കാണുവാന്‍ സാധിച്ചത്.
സന്നദ്ധ സംഘടനകളില്‍ നിന്നോ ക്യാമ്പുകളില്‍ നിന്നോ കിട്ടുന്ന ഒന്നോ രണ്ടോ ജാര്‍ വെള്ളമാണ് പല കുടുംബങ്ങള്‍ക്കും ഇന്ന് ആശ്രയമായിരിക്കുന്നത്. ഒരു ദിവസം ഒന്നോ രണ്ടോ ജാര്‍ വെള്ളം കിട്ടിയാല്‍ എന്താകുവാന്‍. കുട്ടനാടന്‍ ജനതയ്ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര ശ്രമം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിനു കിണറുകള്‍ വെള്ളപ്പൊക്കത്തില്‍ മൂടിപ്പോയി. ചിലതൊക്കെ ചെളിയില്‍ പൂണ്ടുപോയി, മുമ്പ് കുളിക്കാനും പാത്രങ്ങള്‍ കഴുകാനും പ്രയോജനപ്പെട്ടിരുന്ന തോടുകളിലും ഇപ്പോള്‍ മലിനജലമാണ്.
അതിനു മേലെ ആവരണം പോലെ പ്ലാസ്റ്റിക് ചപ്പുചവറുകളും. ജലവകുപ്പിന്റെ കുടിവെള്ള വിതരണ പൈപ്പുകളും ടാപ്പുകളും കുത്തൊഴുക്കില്‍ പൊട്ടിതകര്‍ന്നു. പുതിയ പൈപ്പുകള്‍ വലിച്ചു വെള്ളം എത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയ പാടങ്ങളും തോടുകളും റോഡുമൊക്കെ ചെളിക്കുളം പോലെ കിടക്കുന്നു.
പ്രളയദുരിതം തീരുംവരെ കുടിവെള്ളം നല്‍കാന്‍ നടപടിയുണ്ടായിട്ടില്ലെങ്കില്‍ അതീവഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അധികൃര്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കുവാന്‍ വേണ്ട സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here