ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കടലാസില്‍ മാത്രം; ആനുകൂല്യം നിഷേധിച്ച് ബാങ്കുകള്‍

0
4

കോട്ടയം: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബാങ്കേഴ്‌സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാട്ടി ബാങ്കുമേധാവികള്‍ ആനുകൂല്യം നിഷേധിക്കുന്നതായി വ്യാപക പരാതി. വിദ്യാഭ്യസ വായ്പകള്‍ക്ക് ആറുമാസവും മറ്റുള്ളവയ്ക്ക് ഒരു വര്‍ഷവുമാണ് മൊറട്ടോറിയം. ജപ്തി നടപടികളും ഇക്കാലയളവില്‍ ഒഴിവാക്കും. എ.ടി.എം ചാര്‍ജ് അടക്കം മറ്റ് നടപടികള്‍ ഉണ്ടാവില്ല. നനഞ്ഞു കീറിയ നോട്ടുകള്‍ മാറ്റിക്കൊടുക്കും. നിക്ഷേപങ്ങള്‍ കാലാവധിക്കു മുമ്പ് പിന്‍വലിക്കുന്നതിന് ഫീസുണ്ടാവില്ല. വായ്പകള്‍ പുനക്രമീകരിയ്ക്കാമെന്നായിരുന്നു പ്രഖ്യാപനം. സഹകരണ, പൊതുമേഖല, ഷെഡ്യൂള്‍,ചെറുകിട ഫിനാന്‍സ്, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ അടക്കം മുഴുവന്‍ ബാങ്കുകളും ജൂലായ് 31 മുതല്‍ മോറട്ടോറിയം പ്രഖ്യാപിക്കാനായിരുന്നു ധാരണ. കാലവര്‍ഷക്കെടുതിയുള്ളതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലകളിലെ ബാങ്കുകള്‍ക്കുള്ള മാര്‍ഗരേഖയും പുറപ്പെടുവിച്ചിരുന്നു.സംസ്ഥാനത്ത് 981 വില്ലേജുകളെയാണ് റവന്യൂ വകുപ്പ് പ്രളയബാധിതമേഖലയായി പ്രഖ്യാപിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തന മേഖല സംസ്ഥാനതലത്തിലാണ്. കുറേ വില്ലേജുകള്‍ മാത്രമായി മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണ്. പ്രളയമഴയുണ്ടായപ്പോള്‍ തമിഴ്‌നാട് സംസ്ഥാനമാകെ പ്രളയബാധിതമേഖലയായി പ്രഖ്യാപിച്ചത് ബാങ്കുകളുടെ ബുദ്ധിമുട്ട് മനസിലാക്കിയായിരുന്നുവെന്നും കേരളം ഈ മാതൃക പിന്‍തുടരണമെന്നുമാണ് ബാങ്കേഴ്‌സ് സമിതി ആവശ്യപ്പെടുന്നത്. ഇക്കാര്യം ബാങ്കു മേധാവികളും ചീഫ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിക്കാത്തതിനാല്‍ പ്രളയബാധിത വില്ലേജുകളില്‍ മുഴുവന്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
കാര്‍ഷിക വായ്പ കൂടുതലും ഹ്രസ്വകാലമാണ്. ഇക്കാലയളവിനുള്ളില്‍ തിരിച്ചടച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന നാലു ശതമാനം പലിശമതി. കാലാവധി കഴിഞ്ഞാണ് അടയ്ക്കുന്നതെങ്കില്‍ സബ്‌സിഡി നഷ്ടമാകും. പിഴയായി 12 ശതമാനം പലിശ അടയ്ക്കണം. മൊറട്ടോറിയത്തിനൊപ്പം പിഴപ്പലിശയിലും മാറ്റം വരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here