സഹപാഠികള്‍ക്കു കിടപ്പാടം നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ

0
4

നെടുങ്കണ്ടം : സഹപാഠികള്‍ക്ക് കിടപ്പാടം നിര്‍മിക്കാന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ അതുല്യ പ്രസന്നന്‍, ആര്യ പ്രസന്നന്‍, അനന്തു പ്രസന്നന്‍ എന്നിവരുടെ എട്ടംഗ കുടുംബത്തിന് വീടു നിര്‍മിക്കുന്നതിനു അതേ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തിറങ്ങി മാതൃകയാവുന്നത്.
കൂലിപ്പണിക്കാരനായ കുട്ടികളുടെ പിതാവ് പ്രസന്നന്‍ പുഷ്പക്കണ്ടത്ത് സ്വന്തമായുള്ള ഭൂമിയില്‍ വീടു നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചിരുന്നു. എന്നാല്‍ അപകടത്തെത്തുടര്‍ന്നു കിടപ്പായി. തുടര്‍ന്നുള്ള ചികിത്സയും മറ്റുംമൂലം നിത്യവൃത്തിക്കുവരെ പണമില്ലാതെ കഷ്ടപ്പെടുകയാണ് . ഇതിനിടെ വീടുപണിയും മുടങ്ങി. ഇതോടെ ഒറ്റമുറി വീട്ടില്‍ താമസിക്കുകയല്ലാതെ കുടുംബത്തിനു വേറെ മാര്‍ഗമില്ല. പാചകവും പഠനവും ഉറക്കവുമെല്ലാം ഒറ്റമുറി വീട്ടില്‍ തന്നെ. വിവരം അറിഞ്ഞ സഹപാഠികള്‍ അധ്യാപകരെയും സ്‌കൂള്‍ പിടിഎയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍സിസി, ജെആര്‍സി എന്നിവയുടെ സഹകരണത്തോടെ കുടുംബത്തിന് നാലുമുറികളോടുകൂടിയ വാസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കാന്‍ മുന്നോട്ടുവന്നു. രക്ഷകര്‍ത്താവായ അജി പുഷ്പക്കണ്ടത്തിന്റെ നേതൃത്വത്തില്‍ പണിയാരംഭിച്ചു. നവംബറോടെ പണികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം നടന്ന കട്ടിളവയ്പ് കര്‍മം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടി എം ജോണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റഷീദ് കളരിക്കല്‍, എസ്എംസി ചെയര്‍മാന്‍ കെ എം ഷാജി, ജയപ്രകാശ്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, അധ്യാപകരായ എം ഷാജഹാന്‍, സുനില്‍കുമാര്‍, ജോസഫ് മാത്യു, മുഹമ്മദ് റോഷന്‍, കെ കെ അനൂപ്, എം എ ജാബില്‍ പി എം അജിത്, അമിത് കൃഷണന്‍, എന്‍ അന്‍വര്‍ എന്നിവര്‍ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here