ദേശീയ വിരമുക്തദിനം: ജില്ലയില്‍ 2,25,609 കുട്ടികള്‍ക്ക് വിരമുക്ത ഗുളിക നല്‍കും

0
54

കല്‍പ്പറ്റ: ദേശീയ വിരമുക്തദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ 2,25,609 കുട്ടികള്‍ക്ക് വിരമുക്ത ഗുളിക നല്‍കും. ജില്ലയിലെ മുഴുവന്‍ അംഗന്‍വാടികള്‍, സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ സ്‌കൂളുകള്‍, ഡെകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവരാണ് ഗുളികകള്‍ നല്‍കുക. ആറിനും, 19നും ഇടയില്‍ പ്രായമുള്ള സ്‌കൂളിന് പുറത്തുള്ള 9920 കുട്ടികള്‍ക്കും, അംഗന്‍വാടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു വയസ്സിനും, അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 4001 കുട്ടികള്‍ക്കും, അംഗന്‍വാടിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വയസ്സിനും, അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 42875 കുട്ടികള്‍ക്കും, ഒരു മുതല്‍ 12 വരെ ക്ലാസ്സുകളിലെ 40713 കുട്ടികള്‍ക്കുമാണ് ഇത്തവണ ജില്ലയില്‍ അല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്.
ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള പകുതി ഗുളിക ഒരു ടേബില്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്.
രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളികള്‍ കഴിക്കേണ്ടതാണ്. വിരക്കെതിരെയുള്ള ഗുളിക ഒരാഴ്ച മുമ്പ് വരെ കഴിച്ച കുട്ടികളും വിരമുക്തദിനത്തില്‍ ഗുളിക കഴിക്കണം.
സ്‌കൂളിലും, അംഗന്‍വാടികളിലും പോകാത്ത ഒന്നിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അംഗവാടിയില്‍ നിന്നും ഗുളികകള്‍ നല്‍കേണ്ടതാണ്. ഒക്ടോബര്‍ 25ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ നവംബര്‍ ഒന്നിന് നടക്കുന്ന സമ്പൂര്‍ണ്ണ വിരമുക്തിദിനത്തില്‍ ഗുളികകള്‍ കഴിക്കണം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് പനമരം ഗവ.എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിക്കുമെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ദിനീഷ്, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here