മണ്‍പാത്രങ്ങള്‍ അടുക്കളകളില്‍ നിന്ന് കുടിയിറങ്ങി; വില്‍പന അലങ്കാരപാത്രങ്ങളിലൊതുങ്ങി

0
17

ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം: ഒരു കാലത്ത് ഗ്രാമങ്ങളില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന മണ്‍പാത്രങ്ങളുടെ പ്രിയം കുറയുന്നു. ആരാധനാലയങ്ങളുടെ വിശേഷദിവസങ്ങളില്‍ മാത്രമെ ഇവയ്ക്കു വില്‍പനയുള്ളുവെന്നു വില്‍പനക്കാര്‍. ഇടക്കാലത്തു മണ്‍പാത്രങ്ങള്‍ക്കു നഗരങ്ങളിലും ചെലവു കൂടുതലായിരുന്നു. അടുക്കളയില്‍ നിന്നും മണ്‍പാത്രങ്ങള്‍ അപ്രത്യക്ഷമായ സ്ഥിതിയാണ്. അലുമിനിയവും, സ്റ്റെയിന്‍ലസ് സ്റ്റീലും അടുക്കളകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി.
പുതിയ തലമുറയ്ക്കു മണ്‍കല നിര്‍മാണം ഒരു കേട്ടുകേള്‍വി മാത്രം. ഒരു കാലത്തു മണ്‍കല നിര്‍മാണം പൊടിപൊടിച്ചിരുന്ന ജില്ലയിലെ പുനലൂര്‍, കൊട്ടാരക്കര, പൂയപ്പള്ളി, പരവൂര്‍ മേഖലകളില്‍ ഇപ്പോള്‍ മണ്‍കല നിര്‍മാണമില്ല.
പല കച്ചവടക്കാരും തമിഴ്‌നാട്ടില്‍ നിന്നും വരുത്തി വിതരണം ചെയ്യുകയാണ്.
പാത്രങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്നതിനേക്കാള്‍ ലാഭം വാങ്ങിവില്‍ക്കുന്നതാണ് നേട്ടമെന്നു ചില കൂട്ടര്‍ പറയുന്നു.
കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ഗില്‍ബര്‍ട്ട്, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മണ്‍പാത്രങ്ങളാണ് വില്‍ക്കുന്നത്.
പൂച്ചെട്ടി, മണ്‍കലം, മുന്തിയ വീടുകള്‍ക്കു മുമ്പില്‍ അലങ്കാരമായി വയ്ക്കാറുള്ള കുടം തുടങ്ങി വിവിധയിനം മണ്‍പാത്രങ്ങള്‍ നിറഞ്ഞതാണ് ഗില്‍ബര്‍ട്ടിന്റെ വ്യാപാരസമുച്ചയം.30രൂപ മുതല്‍ 60രൂപ വരെ വിലയുള്ള ഉറപ്പും ഭംഗിയുള്ള വിവിധയിനം മണ്‍പാത്രങ്ങള്‍ കണ്ടാല്‍ ആരും വാങ്ങിപോകും എന്നതാണ് പ്രത്യേകത.
മണ്‍പാത്രങ്ങളുടെ ലോഡ് വന്നുകഴിഞ്ഞാല്‍ ചുമട്ടുതൊഴിലാളികള്‍ക്കും ലോറിക്കാര്‍ക്കും പ്രത്യേകം കൂലി കൊടുക്കണം. പിന്നെ മണ്‍പാത്രം വിറ്റുകിട്ടുന്നതില്‍ ഒന്നും മിച്ചമില്ല. ദിവസം പലിശയ്ക്കുള്ള പണം മാറ്റിവയ്ക്കണം.
ഇങ്ങനെ എല്ലാം കൂട്ടിക്കഴിഞ്ഞാല്‍ വീട്ടുചെലവിന്റെ കാര്യം കമ്മി. എല്ലാവരുടെയും കാര്യം ഇതൊക്കെതന്നെയാണെന്നാണ് ഗില്‍ബര്‍ട്ട് പറയുന്നത്. കുണ്ടറ മുക്കട ജംഗ്ഷനില്‍ കച്ചവടം ചെയ്യുന്ന ഗില്‍ബര്‍ട്ടിനു മണപാത്ര വില്‍പനയിലുള്ള പഴയ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. എങ്കിലും ജീവിച്ചു പോകുന്നുവെന്നാണ് ഗില്‍ബര്‍ട്ട് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here