സ്‌കൂള്‍ കലാ,കായികമേളകള്‍ക്കു തുടക്കമായി; ആര്‍ഭാടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും

0
16

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: പ്രളയകാലത്തിന്റെ ഓര്‍മകള്‍ക്ക് വിടചൊല്ലി ജില്ലയിലെ കൗമാരങ്ങള്‍ ആര്‍ഭാട രഹിത മേളകളില്‍ ലയിക്കുന്നു. പ്രളയത്തില്‍ ക്യാമ്പുകളാക്കി മാറ്റപ്പെട്ട സ്‌കൂളുകളും പ്രളയം അനുഭവിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികളുമെല്ലാം കലാകായിക മത്സരങ്ങളില്‍ സജീവമായി കഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ആര്‍ഭാടരഹിത മേളകളാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
സ്‌കൂള്‍ തല കായിക മത്സരങ്ങളും മാനന്തവാടി, ബത്തേരി, വൈത്തിരി ഉപജില്ലാ കായികമേളകളും ഇതിനകം പൂര്‍ത്തിയായി. ജില്ലാ സ്‌കൂള്‍ കായികമേള ബത്തേരി താലൂക്കിലെ ചുള്ളിയോട് ആനപ്പാറ ഗവ. ഹയര്‍സെക്കന്‍ഡി സ്‌കൂളില്‍ സമാപിച്ചു. കാട്ടിക്കുളം സ്‌കൂളാണ് ചാമ്പ്യന്മാരായത്.
രണ്ടാം സ്ഥാനം മീനങ്ങാടി സ്‌കൂളിനും ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യമത്സരങ്ങളും പ്രവൃത്തി പരിചയമേളകളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഒരാഴ്ക്കകം ഇവ പൂര്‍ത്തിയാവും. ഇത്തവണ പ്രൈമറി വിഭാഗം മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ സമാപിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ഉപജില്ലാ, ജില്ലാ മേളകള്‍ക്ക്‌ശേഷം സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. മാനന്തവാടി ഉപജില്ലാ പ്രവൃത്തിപരിചയമേള 26നും 27നും നടക്കും. ജിഎച്ച്എസ്എസ് ആറാട്ടുത്തറയിലാണ് മത്സരം. മാനന്തവാടി ഉപജില്ലാ കലോത്സവം കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 31, നവംമ്പര്‍ ഒന്ന്, രണ്ട് തീയ്യതികളിലായി നടക്കും.
വൈത്തിരി ഉപജില്ല പ്രവൃത്തിപരിചയമേള 25നും 26നും കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉപജില്ലാ കലോത്സവം ഒക്ടോബര്‍ 31, നവംമ്പര്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 24,25 തീയ്യതികളില്‍ ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ബത്തേരി ഉപജില്ലാ പ്രവൃത്തിപരിചയമേള. ബത്തേരി ഉപജില്ലാ കലോത്സവം പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 29,30,31 തീയ്യതികളില്‍ നടക്കും. ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ രണ്ടാംവാരത്തോടെ ജിഎച്ച്എസ്എസ് വടുവന്‍ചാലിലാണ് അരങ്ങേറുക. ജില്ല പ്രവൃത്തി പരിചയമേള ജിഎച്ച്എസ്എസ് മേപ്പാടിയിലും വിദ്യാരംഗം സാഹിത്യമത്സരം ജിയുപിഎസ് മാനന്തവാടിയിലും നടക്കും. 9,10 ക്ലാസുകളിലെയും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെയും സ്‌പെഷ്യല്‍ ഫണ്ടും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ശേഖരിക്കുന്ന നമാമാത്രമായ തുകയും അധ്യാപകര്‍ നല്‍കുന്ന തുകയും സമാഹരിച്ചാണ് ഇത്തവണ കലോത്സവം നടക്കുന്നത്. ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. കലോത്സവദിനങ്ങളില്‍ ഭക്ഷണം ഒരുക്കും. പ്രദേശവാസികളുമായും സന്നദ്ധസംഘടനകളുമായും സഹകരിച്ചാണ് ഭക്ഷണം ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here