ശബരിമല: മുഖ്യമന്ത്രിയോട് വിയോജിച്ച് സി.പി.ഐ

0
5

കല്ലമ്പളളി കൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം അത്യന്തം പ്രകോപനപരമാണെന്ന വില.ിരുത്തലില്‍ സി.പി.ഐ. ആക്രമണ പാതയല്ല അഭിപ്രായ സമന്വയമാണ് സ്വരൂപിക്കേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഴുതിയ ലഘുലേഖയില്‍ നിര്‍ദ്ദേശിക്കുന്നു. ഈ ലഘുലേഖ കേരളത്തില്‍ മുഴുവന്‍ എത്തിക്കാന്‍ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്.

എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന കാര്യത്തില്‍ സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമില്ല.അതിലൂടെ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയര്‍ത്തി പിടിക്കണമെന്ന കാര്യത്തിലും അവര്‍ക്ക് എതിരഭിപ്രായമില്ല.പക്ഷേ ബന്ധപ്പെട്ടവരെയെല്ലാം ശത്രുപക്ഷത്താക്കിയും അടിച്ചമര്‍ത്തിയുമല്ല അത് ചെയ്യേണ്ടത്.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കാനം രാജേന്ദ്രന്‍ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്ക് എതിരെ റിവ്യൂ ഹര്‍ജി കൊടുക്കണം എന്നതായിരുന്നു സി.പി.ഐയുടെ നിലപാട്.ദേവസ്വം ബോര്‍ഡിലെ പാര്‍ട്ടി നോമിനിയായ കെ.പി.ശങ്കരദാസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തതാണ്.സി.പി.ഐ.എം നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ കടുത്ത എതിര്‍പ്പായിരുന്നു ഇതിന് കാരണം.

ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഈ വിഷയത്തെച്ചൊല്ലി പരസ്യമായ ഒരു തര്‍ക്കത്തിന് സി.പി.ഐ തയ്യാറല്ല.പക്ഷേ പാര്‍ട്ടിക്കകത്തും മുന്നണിയിലും ഈ വിഷയം ചര്‍ച്ച ചെയ്യും.പ്രകോപനവും എടുത്തു ചാട്ടവുമല്ല ഇത്തരം പ്രശ്‌നങ്ങളില്‍ വേണ്ടതെന്ന് സി.പി.ഐ സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കുന്നു.

കേരളപ്പിറവിയോടനുബന്ധിച്ച് യുവതീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന എല്ലാ പ്രചരണ പരിപാടികളിലും സി.പി.ഐ സജീവമായി സംബന്ധിക്കുന്നുണ്ട്.എന്നാല്‍ ശബരിമലയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുളള ഒരു പോരാട്ട ഭൂമിയാക്കാന്‍ സി.പി.ഐയ്ക്ക് താത്പര്യമില്ല. പോലീസിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടും ഇടതുമുന്നണി പ്രവര്‍ത്തകരെ അണിനിരത്തിയും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുന്നതിനോടും അവര്‍ യോജിക്കുന്നില്ല. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഈ വിഷയത്തില്‍ അഭിപ്രായ ഐക്യത്തിനുളള സാധ്യതകള്‍ കണ്ടെത്തണമെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. അതിന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മുന്‍കൈ എടുക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here