ശബരിമല അക്രമം: പിടിയിലായവര്‍ 2825; അഞ്ഞൂറോളം കേസുകള്‍

0
7

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2825 ആയി. ഇതുമായി ബന്ധപ്പെട്ട പൊലീസ് 500-ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1900-ഓളം പേര്‍ ഇതിനകം ജാമ്യത്തില്‍ പുറത്തിറങ്ങി. അതേസമയം, പൊലീസിന് നേരെ നടത്തിയ അക്രമത്തില്‍ ഉള്‍പ്പെട്ടവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിവിധ കോടതികളില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ശനിയാഴ്ചയും സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളില്‍ നിന്നായി അക്രമിസംഘത്തെ പൊലീസ് പിടികൂടി. ആയിരത്തോളം പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അറസ്റ്റിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഉണ്ടായെങ്കിലും നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ശനിയാഴ്ച മാത്രം 700-ഓളം പേര്‍ പിടിയിലായി. 300 പേരെ റിമാന്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. അതേസമയം, നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ആരെയും അറസ്റ്റ് ചെയ്യരുതന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഘോഷയാത്രയ്ക്കിടെ അക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം. അക്രമത്തില്‍ നേരിട്ട് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here